ഉമ്മറിൻറെ ആദ്യരാത്രി... സ്വപ്നങ്ങൾ ക്ക് അപ്പൂറം പണി കിട്ടിയ രാത്രി

ഇന്ന് ഉമ്മറിൻറെ കല്യാണമായിരുന്നു. പിന്നിട്ട നാളുകളിൽ മെഗാസീരിയൽ പോലെ നീണ്ടുപോയ പെണ്ണുകാണൽ ചടങ്ങുകൾക്കൊക്കെ വിരാമമിട്ട് കൊണ്ട് തൻറെ കല്യാണരാ...


ഇന്ന് ഉമ്മറിൻറെ കല്യാണമായിരുന്നു. പിന്നിട്ട നാളുകളിൽ മെഗാസീരിയൽ പോലെ നീണ്ടുപോയ പെണ്ണുകാണൽ ചടങ്ങുകൾക്കൊക്കെ വിരാമമിട്ട് കൊണ്ട് തൻറെ കല്യാണരാത്രി….. ! അതിനു മുന്നേ നമ്മുടെ ഉമ്മറിനെക്കുറിച്ച് രണ്ട് വാക്ക്….! യൗവ്വനത്തിൻറെ സിംഹഭാഗവും ഗൾഫു നാട്ടിലായിരുന്നെങ്കിലും ഇന്നും തനി നാട്ടുമ്പുറത്ത്കാരൻ. വിദ്യഭ്യാസത്തിൻറെ അവസ്ഥ പോലെ തന്നെ പരിഷ്ക്കാരവും നന്നേ കുറവ്. കാലത്തിൻറെ മാറ്റങ്ങൾക്കനുസരിച്ച് താനും മാറേണ്ടതുണ്ടെന്നുളള ചിന്തയും ആവലാതിയൊന്നും ഉമ്മറിനില്ല. ജീവിത സഖിയേകുറിച്ച് ‘ഇമ്മിണി ബല്യ’ സങ്കൽപ്പങ്ങളുമൊന്നുമില്ലേലും തന്നേക്കാൾ വിദ്യഭ്യാസം ഉളള പെങ്കുട്ടിയോളെ വേണ്ട എന്നു തീർത്തു പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ പത്താം ക്ലാസുകാരികൾക്കു വേണ്ടിയുളള ഊർജിതമായ അന്വേഷണം നടന്നതുമാണ്. സ്ത്രീധന കാര്യത്തിലും ഉമ്മറിന് ഒരു പിടിവാശിയുമില്ല. പിന്നെ എന്തുകൊണ്ട് ഇത്രയും നാൾ “കന്യകനായി” നടന്നു എന്ന് ചോദിച്ചാൽ പെങ്കുട്ടിയോൾക്കുമുണ്ടാവില്ലെഅവരുടെ ഭാവി വരനെ കുറിച്ച് ചില സങ്കൽപ്പങ്ങൾ…… അല്ല,….. അപ്പ അത്രയ്ക്കു മോശാ ഉമ്മറ്???
ഹേയ്,,, എണ്ണ കറുപ്പിൻറെ അളവ് ഒരൽപ്പം കൂടുതലാണ്. പിന്നെ പൊക്കകുറവ്… അത് വലിയൊരു കുറവാണോ? പിന്നേ പിതാവായ ബക്കർക്കായിൽ നിന്നും പകർന്ന് കിട്ടിയ വിടവുളള പല്ലുകൾ. ഇത്രയും ഒഴിച്ചു നിർത്തിയാൽ ബാക്കിയുളള പാർട്സുകൾ എല്ലാം ഓകെയാണ്. പിന്നെ പ്രായം മുപ്പത്തഞ്ച് എന്നുളളത് എയ്ജ് ഒവറിൻറെ പരിധിയിൽപെടുത്തേണ്ടതുണ്ടോ?
ഏതായാലും കാത്തിരിപ്പിനും ഓർത്തിരിപ്പിനും അന്ത്യം കുറിച്ചു കൊണ്ട് എല്ലാത്തിനും അതിൻറേതായ സമയമുണ്ട് മോനെ എന്ന് മനസിൽ തോന്നിപ്പിച്ചുകൊണ്ട് ആദ്യ രാത്രിയുടെ സുഖമേറുന്ന കുളിരിൽ ചിന്താമഗ്നനായി ഇരിക്കുകയാണ് നമ്മുടെ കഥാനായകൻ കല്യാണത്തിനു ഏതാനും ദിവസം മുന്നേ തൻറെ മനസിലെ വലിയൊരാഗ്രഹം ഭാവി വധുവിനോട് വെളിപ്പെടുത്തിയിരുന്നു. മറ്റൊന്നുമായിരുന്നില്ല അത്….. ആദ്യ രാത്രിയിൽ മണിയറയിലേക്ക് പ്രവേശിക്കുമ്പോൾ ജിമിക്കിയും കമ്മലും അണിഞ്ഞ് വരണമെന്ന്. അതിൻറെ പൊരുളിനെ കുറിച്ച് ചോദിക്കപോലും ചെയ്യാതെ അവൾ സമ്മതിക്കുകയും ചെയ്തു… കഥകളിലൂടെയും സിനിമകളിലൂടെയും കണ്ടറിഞ്ഞ പല ആദ്യരാത്രി സീക്വൻസുകളും ഉമ്മറിൻറെ മനസിലൂടെ പാഞ്ഞുപോയി. ഇടയ്ക്കിടയ്ക്ക് ഉമ്മറിൻറെ കണ്ണുകൾ വാതിൽപ്പടിയിലേയ്ക്ക് നീങ്ങി. ഓള് അടുക്കളയിൽ ഉമ്മയുടെയും അനിയത്തിയുടേയും അരികിലാണെന്ന് തോന്നുന്നു. ബന്ധു വീടായതുകൊണ്ട് പോയൊന്ന് നോക്കാനും വയ്യാത്തൊരവസ്ഥ. നെഞ്ചിടിപ്പിൻറെ താളം ക്രമാതീതമായി കൂടുന്നുണ്ടോ എന്ന് ഉമ്മർ സംശയിച്ചു.

ഹേയ്… തോന്നുന്നതാണ്. “പടച്ചോനെ ഇങ്ങള് കാത്തോളീ” എന്ന് മനസിൽ ഉരുവിട്ട് കട്ടിലിൻറെ ക്രാസയിൽ തല ചായ്ച്ചു കിടന്നു. കൈ തണ്ടയിലെ നനുത്ത സ്പർശനം തിരിച്ചറിഞ്ഞ ഉമ്മർ കണ്ണു തുറന്നു. അന്തിക്ക് കൊളുത്തിയ പന്തം കണക്കെ ഉമ്മറിൻറെ മുഖം പ്രകാശപൂരിതമായി. ‘ സുഹറ’… തൻറെ പുന്നാര ബീവി. കാതിലെ ജിമിക്കി കൂടി കണ്ടതും ഉമ്മറിൻറെ ഖൽബിൽ മുഹബ്ബത്തിൻറെ തേനൂറി.. നാണത്താൽ മിഴി കൂമ്പി നിന്ന സുഹറയോട്ആ ധികേറിയപോലെ ചിലമ്പിച്ച ശബ്ദത്തിൽ ഇരിക്കുവാൻ പറഞ്ഞു. പറയാൻ നിന്നതുപോലെ കേൾക്കേണ്ട താമസം, സുഹറ ഉമ്മറിൻറെ ദേഹത്തോട് ചേർന്ന് ഒരൊറ്റയിരുത്തം. താൻ ഉദ്ദേശിച്ചതിലും അമ്പത് ഗ്രാം അധികം മുട്ടിയിരുന്നപ്പോൾ ഉമ്മറിൻറെ അടി വയറ്റിൽ നിന്നും ശിരോവസ്ഥിയിലേയ്ക്ക് വൈദ്യുതി പ്രവാഹമുണ്ടായി. ആത്മ സംഘർഷം കൊണ്ടാണോ അതോ തൊണ്ടയിൽ തുപ്പല് കുടുങ്ങിയതു കൊണ്ടാണോ എന്നറിയില്ല, പൊരുന്നക്കോഴിയുടെ ഒച്ച കണക്കെ ഉമ്മർ എന്തോ പറയുവാൻ വെമ്പുന്നുണ്ടായിരുന്നു. സംഭവം മനസിലായ സുഹറ ഉമ്മറിനോട് ചോദിച്ചു. എന്തേ ഇക്കാ… ഇജ്ജ് എന്താ ഇത്ര താമസിച്ചേ? പാല് എടുക്കാൻ ഇച്ചിരി വൈകി ഇക്കാ.. ഉമ്മർ മേശപ്പുറത്തും മറ്റും നോക്കി, “എന്നിട്ടെവിടെ”?? അത് പിന്നെ…. ഉണ്ടായിരുന്ന പാല് കാച്ചിയപ്പോ പിരിഞ്ഞു. ഉമ്മ സലീമിനെ( സുഹറയുടെ കൊച്ചനുജൻ) വിട്ടിട്ടുണ്ട്. എന്നോട് പോയ്ക്കോളാൻ പറഞ്ഞു. ആകുമ്പോ വന്ന് വിളിക്കാന്നും പറഞ്ഞ്ക്ക്ണ്. “പടച്ചോനെ പരിപാടിയിൽ തടസം നേരിടാൻ ഇനിയും സാധ്യത ഉണ്ടെന്ന് സാരം” ഉമ്മറിൻറെ മനസ് പിറുപിറുത്തു. “എന്തേ ഇക്കാ???”
“ഒന്നൂല്ല മോളെ..” എങ്കിലും കിട്ടിയ സമയം ഉപയോഗപ്പെടുത്താമെന്ന റ്റി.ജി രവിയുടെ “നിഷ്കളങ്ക” മനസോടെ ഉമ്മർ അവളുടെ മുഖം തൻറെ നെഞ്ചോട് ചേർത്തു. തൊട്ടാവാടിയെപ്പോലെ അവൻറെ കരലാളനത്തിൽ സുഹറ ചിണുങ്ങി കിടന്നു.. “ഇക്കാ….”!! എന്തേയ് മോളെ.. “ഇക്കാ മുട്ടു കേൾക്കുന്നുണ്ട്.” അത് ഞമ്മട നെഞ്ചിടിപ്പാണ് സുഹറാ…” അതല്ല ഇക്കാ… ഉമ്മയാണെന്ന് തോന്നുന്നു. പാലുമായി വന്നതായിരിക്കും.” കതകിലെ മുട്ട് തൻറെ നെഞ്ചിലേയ്കുളള ആണിയടിക്കലാണെന്ന് ഉമ്മറിന് ഒരു നിമിഷം തോന്നിപ്പോയി.
വീണ്ടും വാതിലിൽ മുട്ടു കേട്ട സുഹറ ചാടിയെഴുന്നേറ്റതും അലറിക്കരഞ്ഞതും ഒരേ നിമിഷത്തിൽ….!
സംഭവിച്ചതെന്തെന്ന് അറിയാതെ മിഴിച്ചു നിന്ന ഉമ്മർ കണ്ടത് തട്ട് കാതിൽ നിന്നും ചോരയോലിച്ചു നിൽക്കുന്ന തൻറെ പ്രിയ പത്നിയേയാണ്.
ജിമിക്കി ഉമ്മറിൻറെ ഷർട്ടിലുടക്കി വലിഞ്ഞതാണ്.
ഒരു നിമിഷത്തെ സ്തംഭനത്തിനു ശേഷം ഉമ്മർ ചാടിയിറങ്ങി ഉടുത്തിരുന്ന മുണ്ടെടുത്ത് സുഹറയുടെ ചെവിയിൽ അമർത്തിപ്പിടിച്ചു. കരച്ചിൽ കേട്ടതും പുറത്ത് മുട്ടലിൻറെ ശക്തി കൂടി. പോരാഞ്ഞിട്ട് മോളെ എന്ന് വിളിച്ച് ബഹളവും. ഉമ്മറിൻറെ കൈ എടുത്തു മാറ്റി വേദനയോടെ സുഹറ വാതിൽ തുറന്നു. അങ്കലാപ്പോടെ അകത്തേക്കു നോക്കിയ കദീസുമ്മ കണ്ടത് അഴിഞ്ഞ മുണ്ടിൻറെ കോന്തല കൊണ്ട് നാണം മറക്കാൻ ശ്രമിക്കുന്ന പുന്നാര മരുമോനെയാണ്.

ബല്ലാത്ത ജാതി കാഴ്ചയായിപ്പോയി

മുണ്ടിൽ രക്തം കണ്ടപ്പോൾ കദീസുമ്മായുടെ മനസിലൂടെ എന്തോ ഒന്ന് പാഞ്ഞു.
ഇത് അതല്ല ഉമ്മാ എന്ന മുഖത്തോടെ ഉമ്മറും.

മുഖം തിരിച്ചു കളഞ്ഞ കദീസുമ്മ കണ്ടത് ചോരയൊലിപ്പിച്ചു നിന്ന മകളുടെ മുഖത്തേക്കാണ്. ആദിയോടെ, എന്തു പറ്റിയെന്നു ചോദിച്ചപ്പോൾ
“അത് പിന്നെ.. ഉമ്മ ഇക്കാടെ, …”
പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുന്നേ കദീസുമ്മ മകളേയും വിളിച്ചു മുറിയുടെ പുറത്തേക്കിറങ്ങി. കൂട്ടത്തിൽ മരു മോനു നേരെ കത്തുന്ന ഒരുനോട്ടവും നീട്ടി.
ഇത് അങ്ങിനത്തെയല്ല ഉമ്മ എന്ന നിസംഗത ഭാവം വീണ്ടും ഉമ്മറിൻറെ മുഖത്ത്.

എന്ത് ചെയ്യണമെന്നറിയാതെ കട്ടിലിനരികിൽ ചെന്നിരുന്ന് ജനലിലൂടെ പുറത്തേക്ക് കണ്ണെറിഞ്ഞു.
കല്യാണം കൂടാൻ വന്ന സലീമിൻറെ കൂട്ടുകാർ പുറത്ത് ആടി തിമിർക്കുകയാണ്. പാട്ട് കേട്ടപ്പോൾ ഉമ്മറിൻറെ രക്തം സമ്മർദ്ദം കൂടി. “നിൻറമ്മേട ജിമിക്കിംകമ്മലും”

ദേഷ്യത്തിൽ സർവ്വ ശക്തിയുമെടുത്ത് ജനൽ വലിച്ചടച്ചു.
“ഓൻറ ഉമ്മാൻറൊരു ജിമിക്കി കമ്മൽ ”

“പടച്ചോനെ കാര്യങ്ങൾ കൈ വിട്ടുപോയോ?”
വെളിയിലേക്കിറങ്ങി നോക്കണമെന്നുണ്ട് ഉമ്മറിന്. പക്ഷെ…..!

അവസാനം രണ്ടും കൽപ്പിച്ച് പുറത്തേക്കിറങ്ങിയ ഉമ്മറിൻറെ കാതിൽ ഒരു വണ്ടി പോകുന്ന ശബ്ദം വന്ന് പതിച്ചു.
തനിക്കെതിരേ വരുന്ന സലീമിനെ നോക്കി ഉമ്മർ ചോദിച്ചു ”
സുഹറ എവിടെ സലീ….”

ഉമ്മറിനെ അവൻ അടിമുടി നോക്കി. എന്നിട്ട് പറഞ്ഞു.
“അവരെല്ലാവരും കൂടി ഹോസ്പിറ്റലിലേയ്ക്കു പോയി. ”
ഓൻറെ സംസാരത്തിലും ചെറിയൊരു നീരസും കല്ലപ്പുമുണ്ടോ???
വീണ്ടും ഉമ്മറിൻറെ മനസിലൂടെ ആ പഴയ ഡയലോഗ് കയറിയിറങ്ങി..
“പടച്ചോനേ ഇങ്ങള് കാത്തോളീ”

ഏകദേശം രണ്ട് മണിയോടെ അവർ തിരിച്ചെത്തി. കല്യാണത്തിനു വന്ന സ്വന്തക്കാരെല്ലാം വീടിൻറെ നടുവിലത്തെ ഹാളിൽ ഉണ്ട്.
കുറ്റാരോപിതൻറെ മനസുമായി ഉമ്മറും കൂട്ടത്തിലുണ്ട്. പലരും അടക്കം പറച്ചിലും അമർത്തിപ്പിടിച്ച ചിരിയുമായി രംഗം കൊഴുപ്പിക്കുകയാണ്.

പടച്ചോനെ… സ്വന്തം വീട്ടിലായിരുന്നെങ്കിൽ ഒരു റിലാക്സേഷൻ ഉണ്ടായേനെ.. ആദി പിടിച്ചു മരിച്ചു. ഇതൊക്കെ അവിടെ അറിഞ്ഞിട്ടുണ്ടാകുമോ ആവോ??

ഏകദേശം നേരം വെളുക്കാറായ സമയത്താണ് സുഹറ റൂമിലേയ്ക്കെത്തിയത്. വന്ന പാടെ കിടന്നു. എന്തു പറയണമെന്നറിയാതെ വെയിലത്തിട്ട വെരുകിനെപോലെ ഉമ്മർ വട്ടം കറങ്ങി.
പെയിൻ കില്ലറിൻറെ ക്ഷീണത്തിലാവാം സുഹറ ഉറക്കമായി.
കട്ടിലിൻറെ ഓരം ചേർന്ന്, ഉളള പാലും ചുക്കിട്ടു കാച്ചിയ അവസ്ഥയിൽ ഉമ്മറും ഗർഭസ്ഥ ശിശു കണക്കെ കിടന്നു.

സൂര്യ രശ്മികൾ കണ്ണിലേയ്ക്കടിച്ചപ്പോൾ ഉമ്മർ ഒന്ന് കണ്ണ് ചിമ്മി നോക്കി.
പടച്ചോനെ, നേരം നന്നായി പുലർന്നിരിക്കണ്.
അരികിൽ ഓളെയും കണ്ടില്ല. ഇന്നലത്തേതിൻറെ ബാക്കി പത്രത്തെക്കുറിച്ചോർത്തപ്പോൾ ഉമ്മറിൻറെ മനസിൽ ചീമ കോഴി കൂകി.
വാതിൽ തുറക്കുന്ന ശബ്ദം കേട്ട് ഉമ്മർ അവിടേയ്ക്ക് നോക്കി. ‘സുഹറ’ ഓൾടെ മുഖത്തെ പുഞ്ചിരി കണ്ടപ്പോൾ തെല്ലൊന്നുമല്ല ഉമ്മറിന് ആശ്വാസം കിട്ടിയത്.
മനസ് ചെറുതായൊന്ന് തണുത്തു.

“സുഹറാ…
കല്ലേറു കൊണ്ട നായ്ക്കുട്ടി കണക്കെ ദയനീയമായിരുന്നു ആ വിളി.
“ദേഷ്യൊണ്ടോ എന്നോട്?”
സുഹറ മെല്ലെ ഉമ്മറിൻറെ മുഖമുയർത്തി പറഞ്ഞു.

“ഇതാപ്പോ നല്ല കഥ, അയിന് ഇക്കാടെ കുറ്റം കൊണ്ടല്ലല്ലോ.”

“എന്നാലും, ൻറെ ആഗ്രഹത്തിൻറെ മേലെ അല്ലെ ജ്ജ് ആ ജിമിക്കി ഇട്ടത്. ”

“അത് കയിഞ്ഞില്ലെ ഇക്കാ…
വാ… എല്ലാവരും ഇക്കാനെ കാത്തിരിക്കയാ ചായ കുടിക്കാൻ. പോയി മുഖം കഴുകീട്ട് വാ…”

“ഞാൻ വരണോ സുഹറാ..?

“എന്ത് വർത്താനാ ഇങ്ങളീ പറയണെ. അതിനുമാത്രേം ദിതെന്താ ഉണ്ടായേ….!”

“അനക്ക് വേദനിക്കുന്നുണ്ടോ?”

“പിന്നല്ലാതെ …. മൂന്ന് തുന്നിക്കെട്ടാ ഒളളത്. ”

ഉമ്മറിൻറെ മുഖം വീണ്ടും മ്ലാനമായി.

“സാരാക്കണ്ട ഇക്കാ… ഇങ്ങള് വേഗം വാ..”

ഒരു വിധത്തിൽ ഉമ്മറിനേയും കൂട്ടി സുഹറ ഡൈനിംഗ് ഹാളിലെത്തി. അത്യാവശ്യം ആളുകൾ കസേരയിൽ ഇരിപ്പുറപ്പിച്ചിട്ടുണ്ട്.
ഉമ്മർ ചെറുങ്ങനെ ഒരു ചിരി പാസാക്കിയിട്ട് കസേരയിലേയ്ക്കിരുന്നു.

ഒളിക്കണ്ണിട്ട് ഉമ്മർ മറ്റുളളവരെ നോക്കി..
ഹേയ് വലിയ കുഴപ്പമില്ല.

കദീസുമ്മ ഒരു വലിയ താലയുമായി ഡൈനിംഗ് റൂമിലേയ്ക്ക് വന്നു. ഉമ്മർ ഒന്നു കൂടെ ചൂളി നിന്നു.

കഴിഞ്ഞ രാത്രി ഉമ്മയുടെ മുന്നിൽ ആദിപാപത്തിലെ പോസ്റ്റർ കണക്കെ നിന്നതും ഉമ്മാടെ ദഹിപ്പിക്കുന്ന നോട്ടവുമെല്ലാം ഈസ്റ്റ്മാൻ കളറിൽ
മനസിലൂടെ കടന്നു പോയി.

“മോൻ എടുത്ത് കഴിക്ക്”

ങേ… എന്നോട് തന്നെയാണോ?

നോക്കുമ്പോൾ സ്നേഹ വായ്പ്പോടെ തന്നെ നോക്കുന്ന കദീസുമ്മായെയാണ് ഉമ്മർ കണ്ടത്.
പടച്ചോനെ എൻറെ നിരപരാധിത്വം തിരിച്ചറിഞ്ഞോ?
സ്നേഹ വായ്പ്പോടെ, തൻറെ സഹധർമ്മിണിയെ നോക്കി,
സന്തോഷത്തോടെ ഭക്ഷണത്തിൽ കൈയ്യിട്ടതും
സുഹറയുടെ ജേഷ്ഠത്തിയുടെ ഭർത്താവിൻറെ മൊബൈൽ ചിലച്ചു…” “നിൻറമ്മേട ജിമിക്കിംകമ്മലും നിൻച്ഛൻ…..”

ഡൈനിംഗ് ഹാളിലുയർന്ന കൂട്ടച്ചിരി ഉമ്മറിൻറെ മുഖത്തെ ചമ്മലായി മാറി.

ഏറ് കണ്ണിട്ടു സുഹറയെ നോക്കിയപ്പോൾ ഓള് വായ പൊത്തിപ്പിടിച്ച് ചിരിയടക്കാൻ പാടു പെടുകയായിരുന്നു.
അത് കണ്ടതും ഉമ്മറിൻറെ ചുണ്ടിൻറെ കോണിൽ വിരിഞ്ഞ പുഞ്ചിരി പൊട്ടി ചിരിക്കു വഴിമാറി….!

You Might Also Like

0 comments

Flickr Images