ഒരു അച്ഛന്‍റെ ആകുലതകള്‍
10:06 amഒരു അച്ഛന്‍റെ ആകുലതകള്‍
----------------------------------------------
ആര്‍ക്കാണ് ഇത് എഴുതേണ്ടത് എന്ന് എനിക്കറിയില്ല. ഇത് എത്രപേര്‍ വായിക്കുമെന്നും എനിക്കറിയില്ല! ഇത് വായിക്കുന്ന എല്ലാവരും ഇത് മനസ്സിലാക്കണമെന്നുമില്ല. എന്നാല്‍ നിങ്ങള്‍ രണ്ടു പെണ്‍കുട്ടി്കളുടെ അച്ഛനാണെങ്കില്‍ ഇത് മനസ്സിലാകും! എങ്കിലും ഇത് എഴുതാതെ വയ്യ. ഇത് ഒരച്ഛന്‍റെ ആകുലതകളാണ്. ഇത് സമൂഹത്തില്‍ ചര്‍ച്ചയാകണമെന്ന് ഞാനാഗ്രഹിക്കുന്നു.
ഞാന്‍ ഒരു നാട്ടിന്‍പുറത്തു ജനിച്ച് സര്‍ക്കാര്‍ പള്ളിക്കൂടത്തില്‍ പഠിച്ചുവളര്‍ന്ന ഒരു നാട്ടിന്‍പുറത്തുകാരനാണ്. എനിക്ക് രണ്ടുമക്കളുണ്ട്. രണ്ടു പെണ്‍കുട്ടികള്‍!
എല്ലാവരെയും സ്നേഹിക്കണമെന്നും എല്ലാവരോടും സ്നേഹത്തോടെ പെരുമാറണമെന്നും ഗുരുക്കന്‍മാരെ ബഹുമാനിക്കണമെന്നും പഠിപ്പിച്ചാണ് ഞാനവരെ വളര്‍ത്തിയത്. എന്‍റെ സുഹൃത്തുക്കളെ അവര്‍ അങ്കിള്‍മാരായി സ്നേഹിക്കുന്നു. എന്‍റെ അച്ഛന്‍റെ സുഹൃത്തുക്കള്‍ അവര്‍ക്ക് മുത്തശ്ശന്മാരാണ്. അവരോടൊപ്പം കളിച്ചുചിരിക്കുന്നവര്‍ അവര്‍ക്ക് ഏട്ടന്മാരും അനിയന്മാരുമാണ്.
ഒരു പെണ്‍കുട്ടിയാണെന്ന തോന്നല്‍ അവരില്‍ ഉണ്ടാകാതെയാണ് ഇതുവരെ ഞാനവരെ വളര്‍ത്തിയത്. എന്നാല്‍ ഇപ്പോള്‍ എനിക്കത് മാറ്റിപ്പറയേണ്ടി വന്നിരിക്കുന്നു. ഇതുവരെ ഞാന്‍ അവരെ പഠിപ്പിച്ചതെല്ലാം തെറ്റായിരുന്നുവെന്ന് അവരോട് പറയേണ്ടി വന്നിരിക്കുന്നു.
ഇന്നലെ അയല്‍വക്കത്തെ ഒരു മുത്തശ്ശന്‍ വീട്ടിലേക്ക് ചെന്നാല്‍ മാങ്ങതരാമെന്നും പറഞ്ഞു അവരെ വിളിച്ചു. അവര്‍ എന്നോട് പോയ്കോട്ടേ എന്നു ചോദിച്ചു. ഞാന്‍ പറഞ്ഞു പോകണ്ടാ എന്നു. അപ്പോള്‍ അതെന്തുകൊണ്ടാണെന്നായി അവര്‍. ഞാനെന്താണ് അവരോട് പറയേണ്ടത്? ഇതുവരെ മാന്യമായും സ്നേഹത്തോടെയും മാത്രം പെരുമാറിയിട്ടുള്ള ആ വൃദ്ധനെ വിശ്വസിക്കരുതെന്ന് ഞാനെങ്ങനെ അവരോടു പറയും?
ഇനി അവരെ അങ്ങനെയെല്ലാം പഠിപ്പിക്കേണ്ടിയിരിക്കുന്നു. തന്നെ സ്നേഹത്തോടെ തലോടാന്‍ വരുന്ന കൈകളെ തട്ടിമാറ്റാന്‍ അവരെ പഠിപ്പിക്കേണ്ടിയിരിക്കുന്നു! തന്‍റെ നേരെ സ്നേഹത്തോടെ പുഞ്ചിരിക്കുന്ന മുഖങ്ങളെ വെറുപ്പോടെ ആട്ടിയകറ്റാന്‍ അവരെ പഠിപ്പിക്കേണ്ടിയിരിക്കുന്നു! തന്‍റെ പുരുഷ അധ്യാപകര്‍ അവരെ സ്റ്റാഫ്‌റൂമിലേക്ക് വിളിപ്പിച്ചാല്‍ അവരെ ധിക്കരിക്കാന്‍ പഠിപ്പിക്കേണ്ടിയിരിക്കുന്നു! അവരുടെ അങ്കിള്‍മാരുടെ സ്നേഹത്തെ തിരസ്കരിക്കാന്‍ അവരെ പഠിപ്പിക്കേണ്ടിയിരിക്കുന്നു! അവരോടൊപ്പം കളിച്ചുനടക്കുന്ന അവരുടെ ചേട്ടന്മാരെയും അനിയന്മാരെയും സൂക്ഷിക്കാന്‍ അവരെ പഠിപ്പിക്കേണ്ടിയിരിക്കുന്നു! ചിലപ്പോള്‍.. ചിലപ്പോള്‍.. എന്‍റെ ഭാര്യ ഞാനറിയാതെ അവരെ ഉപദേശിക്കുന്നുണ്ടാകും ‘അച്ഛനോട് അധികം അടുത്തുപെരുമാറണ്ട എന്ന്!!’ അങ്ങിനെചെയ്‌താല്‍ അവരെ കുറ്റംപറയാന്‍ പറ്റില്ല കാരണം സമൂഹത്തില്‍ നടക്കുന്നത് ഇപ്പോള്‍ അങ്ങനെയാണ്!
ആരാണ് ഇതിന് ഉത്തരവാദികള്‍? ആരാണ് ഈ സമൂഹത്തെ ഇങ്ങനെയാക്കി തീര്‍ത്തത്? ഇതിനുവേണ്ടിയാണോ നാം സ്വതന്ത്രരായത്? ഇതിനുവേണ്ടിയാണോ ഇന്ത്യയെന്ന മഹാരാജ്യം സ്ഥാപിച്ചത്?
നമ്മള്‍ പലപ്പോഴും അധിഷേപിക്കുന്ന പാശാത്യസംസ്കാരം പിന്തുടരുന്ന പാശ്ചാത്യ രാജ്യങ്ങളില്‍ പോലും ഇങ്ങനെ സംഭാവിക്കുന്നുണ്ടാകില്ല! ഈ സമൂഹവും തീവ്രവാദികളും തമ്മില്‍ എന്താണ് വ്യത്യാസം? എനിക്ക് തോന്നുന്നു അവര്‍ ഇതിലും ഭേദമായിരിക്കുമെന്ന്!
ആരാണ് ഇതിന് ഉത്തരവാദികള്‍? എഴുപതുകൊല്ലം കേന്ദ്രവും സംസ്ഥാനങ്ങളും മാറിമാറിഭരിച്ച സര്‍ക്കാരുകള്‍ ഇങ്ങനെയൊരു സമൂഹത്തെയാണോ സൃഷ്ടിച്ചെടുത്തിരിക്കുന്നത്?
എനിക്ക് മദ്യവിമുക്തമോ അഴിമതിരഹിതമോ ആയ ഒരു സമൂഹത്തെയോ സര്‍ക്കാരിനെയോ അല്ല വേണ്ടത്, എന്‍റെ പെണ്‍മക്കള്‍ക്ക് , ഈ നാട്ടിലെ പെണ്‍കുട്ടികള്‍ക്ക് ഭയമില്ലാതെ, സുരക്ഷിതബോധത്തോടെ കഴിയാവുന്ന ഒരു സമൂഹത്തെയാണ് എനിക്ക് വേണ്ടത്? എന്നാണ് അത്തരം ഒരു സമൂഹം ഇവിടെ രൂപം കൊള്ളുക? എന്നാണ് എന്നെപ്പോലെ പെണ്‍മക്കളുള്ള അച്ഛന്‍മാര്‍ക്ക് സമാധാനത്തോടെ ഇവിടെ ജീവിക്കാന്‍ കഴിയുക?
ഇത് എത്രപേര്‍ വായിക്കുമെന്ന് എനിക്കറിയില്ല. ഈ സമൂഹം മുഴുവന്‍ ഇത് വായിക്കണമെന്ന് ഞാനാഗ്രഹിക്കുന്നു. മുന്‍പ് നമ്മെ ഭരിച്ചവരും, ഇന്ന് നമ്മെ ഭരിക്കുന്നവരും, നാളെ നമ്മെ ഭരിക്കാന്‍ പോകുന്നവരും ഇത് വായിക്കണമെന്ന് ഞാനാഗ്രഹിക്കുന്നു. അവര്‍ ഇതേക്കുറിച്ച് ഒന്ന് ചിന്തിച്ചെങ്കില്‍..
എന്ന്
ഒരച്ഛന്
0 comments