ഒരു മകന്‍റെ കഥ... ഒപ്പ് വെക്കലിന്‍റെയും

"ഒരു മകന്‍റെ കഥ... ഒപ്പ് വെക്കലിന്‍റെയും " " ഉമ്മ വരണ്ട... ഉപ്പച്ചി വന്നാ മതി മീറ്റിങ്ങിന് " നാഫിമോന്‍ അകത്തേക്ക് നോക്ക...

"ഒരു മകന്‍റെ കഥ... ഒപ്പ് വെക്കലിന്‍റെയും "

" ഉമ്മ വരണ്ട... ഉപ്പച്ചി വന്നാ മതി മീറ്റിങ്ങിന് " നാഫിമോന്‍ അകത്തേക്ക് നോക്കി വിളിച്ച് പറഞ്ഞു. അടുക്കളയില്‍ കരിപുരണ്ട് പാചകത്തില്‍ മുഴുകിയ നാഫിമോന്‍റെ ഉമ്മ അസ്മ അത് കേട്ടിട്ടും കേള്‍ക്കാത്തപോലെ തട്ടം കൊണ്ട് മുഖം ഒന്ന് തുടച്ചു. നാഫിമോന്‍ ഇപ്പോള്‍ ആറാം ക്ലാസിലാണ്. അത്രയും കൊല്ലത്തോളം പഴക്കമുള്ള ചങ്കില്‍ കുത്തുന്ന വാക്കുകളാണ് അവനിന്നും പറഞ്ഞത്. ഓരോ പ്രോഗ്രസ് കാര്‍ഡ് ഒപ്പ് വെക്കലും അസ്മയിലെ ഉമ്മയെ ഒരുപാട് വേദനിപ്പിച്ചുകൊണ്ടേയിരുന്നു.

                                    പതിവ് പോലെ അന്നും നാഫി മോന്‍റെ ഉപ്പ തന്നെ അവന്‍റെ പ്രോഗ്രസ് കാര്‍ഡ് ഒപ്പിടാന്‍ പോയി. തിരിച്ച് വീട്ടില്‍ എത്തി. അന്ന് രാത്രി കിടക്കുമ്പോള്‍ അസ്മ മകന്‍റെ മാര്‍ക്കിനേപറ്റിയും ക്ലാസിലെ  നിലവാരവും തന്‍റെ ഭര്‍ത്താവിനോട് ചോദിച്ചു. ഫൈസല്‍ നല്ലൊരു ഭര്‍ത്താവാണ്... നാഫിമോന് നല്ലൊരു പിതാവുമാണ്. അയാള്‍ മകന്‍റെ ക്ലാസിലെ നല്ല മാര്‍ക്കിനെക്കുറിച്ചും ടീച്ചര്‍മാരുടെ നല്ല അപിപ്രായത്തെക്കുറിച്ചും അസ്മയോട് വാചാലനായി. എല്ലാം കേട്ട് മനസ്സ് നിറഞ്ഞ് അസ്മ അയാളോടായ് ചോദിച്ചു....
"എന്നെ കാണാന്‍ തീരെ ഭംഗി ഇല്ലാലെ ഇക്കാ.... എന്‍റെ ഈ  വിക്കി വിക്കിയുള്ള സംസാരവും ഓന്ക്ക് ഇഷ്ടാവ്ണ്ടാവില്ലാ ലേ...എന്താ ഇക്കാ എന്‍റെ ജന്മം ഇങ്ങനെ ആയത്.... ഇക്കും കൊതിയാവ്ണ്ട് ഇക്കാ... ഓന്‍റെ ടീച്ചര്‍മാര്‍ ഒനെക്കുറിച്ച് നല്ല വാക്ക് പറയുന്നത് കേള്‍ക്കാന്‍... നാഫിമോന്‍റെ ഉമ്മയാണെന്ന് പറഞ്ഞ് ആള്‍കൂട്ടത്തില്‍ ഇരിക്കാന്‍" വിക്കി വിക്കി അസ്മ അത്രയും പറഞ്ഞ് തീര്‍ത്തപ്പോള്‍ ഫൈസലിന്‍റെ കണ്ണും വല്ലാതെ നിറയുന്നുണ്ടായിരുന്നു....
"എന്‍റെ അസ്മാ,......... അന്നോടാരാ പറഞ്ഞത് ഇയ്യ് ഭംഗി ഇല്ലാന്ന്.... എല്ലാരും പറയണത് അസ്മാടെ ഭംഗിയാ നാഫിമോന്ക്ക് കിട്ടിയിരിക്കുന്നത് എന്നാ... ഇയ്യെന്‍റെ മൊഞ്ചത്തി പെണ്ണല്ലേ... ഒരു മഹര്‍മാല  കൊണ്ട് എന്‍റെ ജീവിതത്തില്‍ വെളിച്ചം നല്‍കിയവള്‍... പിന്നെ ഇപ്പോളത്തെ കുട്ട്യോളൊക്കെ ഇങ്ങനെയാ... അവര്‍ക്ക് മനസ്സിന്‍റെ ഭംഗി കാണാന്‍ അറിയൂല... അതോണ്ടാ നമ്മുടെ മോന്‍ അങ്ങനെയൊക്കെ പറയുന്നത്.. ഇയ്യ് അതോണ്ടൊന്നും വിഷമിക്കണ്ടാ.... പിന്നെ വിക്ക് അത്ര വല്യ കുറവൊന്നുമല്ല... അതൊക്കെ  പടച്ചോന്‍  തരുന്നതല്ലേ " അയാള്‍ അവളെ നെഞ്ചോട്‌ ചേര്‍ത്ത് സമാധാനിപ്പിച്ചു...!

                                                കാലം അങ്ങനെ വീണ്ടും കുതിച്ചോടി... അസ്മ പ്രോഗ്രസ് കാര്‍ഡ് ഒപ്പുവെക്കാന്‍ കഴിയാത്ത ഹതഭാഗ്യയായ ഉമ്മയായി കാലം കഴിച്ചു. നാഫിമോന്‍ കാലങ്ങള്‍ക്കിപ്പുറം പ്ലസ് ടൂവില്‍ പഠിക്കുന്ന വിദ്യാര്‍ഥിയാണ് ഇപ്പോള്‍... അങ്ങനെ പ്ലസ് ടൂവിലും പതിവ് പോലെ പ്രോഗ്രസ് കാര്‍ഡ് ഒപ്പുവെക്കുന്ന സമയം വന്നു... തന്‍റെ ഉപ്പാക്ക് വയ്യാത്തത് കൊണ്ടും ബെഡ് റെസ്റ്റില്‍ ആയത് കൊണ്ടും അവന്‍ ടീച്ഛറോട് തന്‍റെ ഉപ്പാക്ക് നാളെയെ വരാന്‍ കഴിയൂ എന്ന് പറഞ്ഞ് സമ്മതം വാങ്ങി. അന്ന് അവന്‍റെ ഉപ്പയോഴിച്ച് മറ്റെല്ലാവരുടെയും വീട്ടുകാര്‍ മക്കളുടെ കാര്‍ഡ് ഒപ്പുവെക്കാന്‍ ക്ലാസില്‍ വന്നു.  അതില്‍ നിന്നും ഒരു സ്ത്രീ അവന്‍റെ കണ്ണിലുടക്കി. ലാസ്റ്റ് ബെഞ്ചില്‍ ഇരിക്കുന്ന വിജീഷിന്‍റെ അമ്മയായിരുന്നു അത്.. വികൃതമായ ഒരു കറുത്ത മുഖം... കാലിന് ചെറിയ ഒരു മന്തുണ്ട്.. കാഴ്ചക്കാരില്‍ നിന്നും തികച്ചും മാറ്റി നിര്‍ത്തപ്പെടേണ്ടപോലെ ഒരു അമ്മ. പക്ഷെ വിജീഷ് തന്‍റെ അമ്മയെ ചേര്‍ത്ത് പിടിച്ചിട്ടുണ്ട്... അവന്‍ തന്‍റെ ടീച്ചര്‍ക്ക് 'ഇതാണ് എന്‍റെ  അമ്മ' എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയത് മുതല്‍ വിനി ടീച്ചര്‍ അവന്‍റെ പഠിക്കാനുള്ള കഴിവും നല്ല സ്വഭാവവും അവന്‍റെ അമ്മയിലേക്ക് ചേര്‍ത്ത് വെച്ചു. എല്ലാം മനസ്സ് നിറഞ്ഞ് കേട്ട് നിന്ന ആ  അമ്മ തന്‍റെ കൈകള്‍ കൊണ്ട് ആ കാര്‍ഡില്‍ ഒരു ഒപ്പ് വെച്ചു. നാഫി ആ അമ്മയേയും മകനേയും ശ്രദ്ധിച്ച്കൊണ്ടേയിരുന്നു.

                                           തന്‍റെ അമ്മക്ക് പുറമേ  ഭംഗി കുറവാണ്.. മാറ്റി നിര്‍ത്തേണ്ടി വരുന്ന മന്ത് പോലോത്ത സഹതാപം അര്‍ഹിക്കുന്ന അസുഖവും ഉണ്ട്... അച്ഛന്‍ ജീവിച്ചിരിപ്പുണ്ട്... അമ്മയോളം വലിയ പ്രശ്നം ഒന്നുമില്ലതാനും... എന്നിട്ടും അമ്മയേയാണല്ലോ ഈ മകന്‍ മറ്റുള്ളവരിലേക്ക് പരിചയപ്പെടുത്താനും തന്‍റെ പ്രോഗ്രസ് കാര്‍ഡ് ഒപ്പുവെക്കാനും കൊണ്ടുവന്നത്. ലാസ്റ്റ് ബെഞ്ചിലിരിക്കുന്നുവെങ്കിലും വിജീഷ് പഠനത്തില്‍ ഒട്ടും പുറകിലല്ലായിരുന്നു. അതുകൊണ്ട് തന്നെ അവന്‍റെ അമ്മക്ക് മനസ്സ് നിറയുന്ന കാര്യങ്ങള്‍ മാത്രമേ കേള്‍ക്കേണ്ടി വന്നുള്ളൂ. അങ്ങനെ ഒപ്പുവെച്ച് പോകാനൊരുങ്ങവെ  വിജീഷ് നാഫിയുടെ അടുത്തേക്ക് അമ്മയേയും കൊണ്ട് നടന്നു. "അമ്മെ,... ഇതാണ് നാഫി... ഞാന്‍ പറയാറില്ലേ എനിക്ക് കളിക്കാന്‍ ബൂട്ടും ജേര്‍സിയൊക്കെ തരാറുള്ള..."
"ആ  അറിയാം,... മോന്‍  പറഞ്ഞിട്ട് കേട്ടിട്ടുണ്ട്.... നാഫി എന്നാ പേര് ലേ"
"ആഹ് അതെ അമ്മെ,....  "
"മോനെ ദൈവം അനുഗ്രഹിക്കട്ടെ,... നിങ്ങടെ സൌഹൃദം എന്നും നിലനില്‍ക്കട്ടെ"
അത്രയും പറഞ്ഞ് സ്നേഹവാക്കുകള്‍ കൂടെ ചേര്‍ത്ത് ആ അമ്മ നടന്നകന്നു. കൂടെ അമ്മയെ യാത്രയാക്കാന്‍ ആ മകനും.
നാഫിയുടെ ചങ്കിലൂടെ ഒരു വല്ലാത്ത നീറ്റല്‍ അനുഭവപ്പെട്ടു....
യാ അള്ളാഹ്... എന്‍റെ ഉമ്മ..... ഇന്നുവരെ ആള്‍കൂട്ടത്തില്‍ എന്‍റെ ഉമ്മയാണ് എന്ന് പറഞ്ഞ് ഞാന്‍ ചേര്‍ത്ത് പിടിച്ചിട്ടില്ല.... ഉമ്മയുടെ ചെറിയ വിക്ക് പോലും കളിയാക്കുകയല്ലാതെ ആശ്വസിപ്പിച്ചിട്ടില്ല...എങ്കിലും തന്‍റെ പൊന്നുമ്മ ഇന്നുവരെ പരാതി പറഞ്ഞിട്ടില്ല... ആ മനസ്സ് എത്ര വട്ടം കരഞ്ഞുകാണും... 'ഉമ്മ വരണ്ട' എന്ന പറച്ചലില്‍ ആ കണ്ണ് എത്രവട്ടം നിറഞ്ഞുകാണും.... നാഥാ... എന്നോട് പൊറുക്കണേ...... അവനറിയാതെ അവന്‍റെ കണ്ണ് നിറഞ്ഞു.... രണ്ട് തുള്ളി കണ്ണുനീര് തന്‍റെ ഒപ്പ് വെക്കാത്ത പ്രോഗ്രസ് കാര്‍ഡില്‍ 'രക്ഷിതാവിന്‍റെ ഒപ്പ്' എന്ന കോളത്തില്‍ ഇറ്റിവീണു.... !

                                                     പതിവ് തെറ്റിച്ച് നാഫി ക്ലാസ് കഴിഞ്ഞ ഉടനെ 'ഉമ്മാടെ ഓഫീസ് റൂമായ' അടുക്കളയിലേക്ക് നടന്നടുത്തു.  അവിടെ മനസ്സില്‍ കരി ഇല്ലാത്ത.... സ്നേഹത്തില്‍ വിക്ക് ഇല്ലാത്ത.... മുഹബ്ബത്തില്‍ വല്ലാത്ത ഭംഗിയുള്ള  തന്‍റെ ഉമ്മയെ വാരിപുണര്‍ന്നു...
"ഉമ്മാ..... ഈ  മോനോട് ഇങ്ങള് ക്ഷമിക്കണം.... ഇന്‍റെ ഉമ്മാക്ക് ഒരു പ്രശ്നവും ഇല്ല..... ഇന്‍റെ ഉമ്മാടെ ഭംഗി മറ്റാര്‍ക്കും ഇല്ല.... നാളെ മുതല്‍ എന്‍റെ ഒപ്പിടാനും മീറ്റിങ്ങിനും ഇങ്ങള് വന്നാ മതി..... എന്നോട് പൊറുക്കണേ ഉമ്മാ..... ഇത്രയും കാലമെടുക്കേണ്ടി വന്നു എന്‍റെ ഉമ്മാടെ മനസ്സ് കാണാന്‍"
"എന്താ... ഇന്‍റെ കുട്ടി പറയ്‌ണത്... അയിന് പൊറുത്ത് തരാന്‍ മാത്രം എന്ത് തെറ്റാ എന്‍റെ മോന്‍ ചെയ്തത്.... ഉമ്മാക്ക് ഇതൊക്കെ ശീലായിക്ക്ണൂ കുട്ട്യേ,... ചെറുപ്പം മുതലേ അനുഭവിച്ച്ക്ക്ണൂ... ഉമ്മാക്ക് വിക്ക് ഇല്ലാന്ന് പറയ്‌ണ ഒരാളെ ഉള്ളൂ,.. അത് നിന്‍റെ ഉപ്പയാണ്... നിന്‍റെ ഉപ്പ എന്നെ വിവാഹം കഴിക്കുന്നത് വരേയും വിക്കും ഭംഗിക്കുറവും ഈ ഉമ്മാക്ക് എന്നും മാറ്റിനിര്‍ത്തലായിരുന്നു... പക്ഷെ ഇപ്പൊ വല്ലാത്ത സന്തോഷം തോന്നുന്നു.... ഉപ്പാടെ കൂട്ടത്തിലേക്ക്  എന്‍റെ മോനും ചെര്‍ന്നല്ലോ "
വാക്കുകളുടെ വിക്ക് ആ സന്തോഷത്തില്‍ അലിഞ്ഞില്ലാതായി... അസ്മ മകന്‍ കാണാതെ ഒന്ന് പൊട്ടിക്കരഞ്ഞു..... "നാഥാ നിനക്കാണ് സര്‍വ്വ സ്തുതിയും" ആ  ഉമ്മ മനസ്സില്‍ പ്രാര്‍ഥിച്ചു.

                             അന്ന് ആദ്യമായി ആള്‍കൂട്ടത്തിലേക്ക് നാഫി തന്‍റെ ഉമ്മയെ ചേര്‍ത്ത് പിടിച്ച് നടന്നടുത്തു. മറ്റെല്ലാവരും ഇന്നലെത്തന്നെ ഒപ്പ് ഇടിയിപ്പിച്ഛതുകൊണ്ട് ഇന്ന് എല്ലാവരുടെയും ശ്രദ്ധ നാഫിയിലും അവന്‍റെ ഉമ്മയിലുമാണ്... ക്ലാസിലെ നല്ല മാര്‍ക്കുകാരന് നല്ല വാക്കുകളെക്കൊണ്ട് പൂമാലയൊരുക്കി ക്ലാസ് ടീച്ചര്‍. എല്ലാം കേട്ട് മനസ്സ് നിറഞ്ഞ് "രക്ഷിതാവിന്‍റെ ഒപ്പ് " എന്ന കോളത്തില്‍ അസ്മ തന്‍റെ കയ്യൊപ്പ് ചേര്‍ക്കുമ്പോള്‍ പിടിച്ച് നിര്‍ത്തിയിട്ടും അനുസരിക്കാതെ ആ കണ്ണില്‍ നിന്നും ഒരു മഴക്കാലം പെയ്ത് പ്രോഗ്രസ് കാര്‍ഡില്‍ ഒഴുകി... തന്‍റെ തട്ടം കൊണ്ട് അത് തുടച്ച് ഒപ്പുവെച്ച് ആ ഉമ്മ വരാന്തയിലൂടെ നടന്നു പോകവേ.... നാഫി തന്‍റെ ഉമ്മയെ ചേര്‍ത്ത് പിടിച്ചു... അത് വരെ അനുഭവിക്കാത്ത ഒരു വല്ലാത്ത സുഖമുള്ള അനുഭൂതി അന്ന് അവനിലേക്ക് കുളിരുപാകി.... മനസ്സില്‍ എത്രയോ തവണ ഹജ്ജ് ചെയ്ത സന്തോഷം അലതല്ലി.... അന്ന് ആദ്യമായും അവസാനമായും അസ്മ ഒരല്പം പോലും വിക്ക് കൂടാതെ ഒരു വാക്ക് പറഞ്ഞ് മുഴുവനാക്കി.... "നാഫി മോനേ.... ഇത്രയും കാലത്തെ ജീവിതത്തില്‍ ഈ  ഉമ്മാടെ മനസ്സ് ഇങ്ങനെ പൊലിവായിട്ടില്ല.... ഉമ്മ എന്താ പറയാ.... മനസ്സ് നിറഞ്ഞു... " വാക്കുകള്‍ മുഴുവനാകാതെ ആ ഉമ്മ തന്‍റെ മകനെ പുണര്‍ന്നു....!

                                അന്നുമുതല്‍ നാഫിയുടെ പ്രോഗ്രസ് കാര്‍ഡില്‍ ഉമ്മയുടെ ഒപ്പ് പതിവ് സ്ഥാനം പിടിച്ചു. ഡിഗ്രി കഴിഞ്ഞ് നാട്ടില്‍ നല്ലൊരു ജോലിയും ലഭിച്ച് ഉമ്മയേയും ഉപ്പയേയും  നോക്കി സുഖമായി ജീവിച്ചുപോന്ന അവന്‍റെ ജീവിതത്തില്‍ നിന്നും "അസ്മ" എന്ന  സ്ന്ഹെമഴയായ അവന്‍റെ ഉമ്മ  പെയ്തൊഴിഞ്ഞു. പടച്ചോന്‍ ചിലപ്പോഴൊക്കെ അങ്ങിനെയാണല്ലോ....  ഉമ്മയില്ലാത്ത ജീവിതത്തിലാണ് ശെരിക്കും ഉമ്മ ആരായിരുന്നു എന്ന് നാഫി മനസ്സിലാക്കിയത്....  വീട്ടിലാ മാലാഖയുടെ അസാനിധ്യം പകരുന്ന വേദനയും പേറി വീണ്ടും കാലം കുതിച്ചോടി....
അന്ന് വെള്ളിയാഴ്ച നമസ്കാരവും കഴിഞ്ഞ് നാഫി തന്‍റെ ഉമ്മയുടെ ഖബറിടത്തിലേക്ക് മെല്ലെ നടന്നു. അടുത്തെത്തി തന്‍റെ പോക്കറ്റില്‍ നിന്നും ഒരു പേപ്പറെടുത്ത് തന്‍റെ ഉമ്മയുടെ കബറില്‍ ചേര്‍ത്ത് വെച്ചു. ജോലി ചെയ്ത കമ്പനിയില്‍ ഒരു ഉയര്‍ന്ന പോസ്റ്റിലേക്കുള്ള പ്രൊമോഷന്‍ ലെറ്ററായിരുന്നു അത്.... അന്നേരം ഒരു ചെറിയ കാറ്റ് വീശി... ഒരു ചാറ്റല്‍ മഴയുടെ തുടക്കവും... പെയ്ത് തുടങ്ങിയ ആദ്യ തുള്ളി ആ ലെറ്ററില്‍ താഴെ പതിഞ്ഞു.... പാവം ഉമ്മച്ചി.... മകന്‍റെ പ്രോഗ്രസ് കാര്‍ഡാണ് എന്ന് കരുതിക്കാണും..... നാഫി വേഗം അതെടുത്ത് നെഞ്ചോട്‌ ചേര്‍ത്തു....  അതേ,... ഉമ്മ അനുഗ്രഹിച്ചിരിക്കുന്നു.... ഉമ്മ ഒപ്പ് വെച്ചിരിക്കുന്നു.... ഉമ്മ സ്നേഹമറിയിച്ചിരിക്കുന്നു....

ഉമ്മാട് സലാം പറഞ്ഞ് തിരിഞ്ഞ് നടക്കവേ..... ആ ചാറ്റല്‍ മഴയില്‍ അവന്‍റെ കണ്ണുനീരും ആ ഉമ്മ സ്വര്‍ഗ്ഗ ലോകത്തിരുന്ന് കാണുന്നുണ്ടാവണം.... 'കരയ്യല്ലേ മോനെ' എന്ന് ആ ഉമ്മ പറയുന്നുണ്ടാവണം....!!

(നമ്മളിലൊക്കെ  ഒരു നാഫിമോനുണ്ട്,.. ഇല്ലെങ്കില്‍ ഉണ്ടായിരുന്നു..പക്ഷെ ഉമ്മ നഷ്ടമാകും വരെ ആ സ്നേഹം തിരിച്ചറിയാന്‍ കാത്ത് നില്‍ക്കരുത്,...  ഉമ്മയുടെയോ ഉപ്പയുടെയോ ചെറിയ കുറവുകളും പുറമേയുള്ള ഭംഗി ഇല്ലായ്മയും അവരെ ആള്‍കൂട്ടത്തില്‍ മാറ്റി നിര്‍ത്താന്‍ നാം തുനിയരുത്.... പുറമേക്ക് എത്ര വികൃതമായ മുഖമുള്ള മാതാ പിതാക്കളും ഉള്ളില്‍ സ്നേഹത്തിന്‍റെ പെരുമഴക്കാലം നമുക്കായ് സൂക്ഷിക്കുന്നവരാണ്... തിരിച്ചറിവ് നഷ്ടമാകുന്നതിന്  മുന്നേയാവുക... ഇല്ലെങ്കില്‍ അതോര്‍ത്ത് വിലപിക്കാനേ  നമുക്കാവൂ) 

സ്നേഹത്തോടെ,...
---------------------------

---------------------------

You Might Also Like

0 comments

Flickr Images