തല്ലുകൊള്ളി
9:03 am#തല്ലുകൊള്ളി
---------------------------
പ്ലസ്റ്റു കഴിഞ്ഞ് നാട്ടില് തെണ്ടിതിരിഞ്ഞ് നടക്ക്ണ ചെറുപ്പകാലം.....തൊട്ടടുത്ത അങ്ങാടീല് ഗാനമേള നടക്കുന്നു.....ബാപ്പ ഒരു മതപരമായ ചുറ്റുപാടില് ജീവിക്കുന്നത് കൊണ്ട് ഗാനമേള ആദ്യമേ വിലക്കിയിട്ടുണ്ട്.......
എനിക്കാണേല് ഗാനമേളക്ക് പോയി അവിടെയുള്ളവരുടെ ഇടയിലൂടെ പാട്ടിനനുസരിച്ചൊന്ന് ചാടിക്കളിച്ച് അലമ്പാക്കി കമ്മിറ്റിക്കാര് ഇടപെട്ട് അവസാനം അതൊരു കൂട്ടത്തല്ലാക്കി പാടാൻ വന്നവരെ അവരുടെ പാട്ടിനും പറഞ്ഞയച്ചാലേ അന്ന് ഉറക്കം വരൂ.....
വൈകുന്നേരമായപ്പോഴേ ഖുറാനെടുത്ത് ഉമ്മ കേൾക്കെ നാല് സൂറത്തുമോതി പതുക്കെ പുറത്തേക്കിറങ്ങി....
അനിയനോടും പെങ്ങളോടും അത്ര സുഖത്തിലല്ലാത്ത കാരണം അവര് ഉമ്മയോട് എന്നെ ഒറ്റിക്കൊടുത്തു....അനിയനാണേല് ഇമ്മാതിരി ചാരപ്രവർത്തിക്ക് അവാർഡ് വരെ കൊടുക്കാൻ തോന്നും....അമ്മാതിരി ഒറ്റാണ് ചെക്കൻ....
ഉമ്മ നിസ്ക്കാരപ്പായേന്ന് സടകുടഞ്ഞെഴുന്നേറ്റ് അടുക്കളീന്ന് പപ്പടം പൊരിച്ച് കുത്തിയെടുക്കുന്ന കമ്പിയുമായി ഓടി വന്നു.....
"എവ്ട്ക്കാടാജ്ജ്....ഈ നട്ടപ്പാതിരാക്ക്...."ഉമ്മാൻറ്റെ ഈ കോലം കണ്ടാല് മണിചിത്രത്താഴിലെ ശോഭന വരെ തലകറങ്ങി വീഴും....ഹൊ...
"മ്മാ...ഞാനിവടെ അങ്ങാടീല് ഇന്ന് കഥാപ്രസംഗമുണ്ട്....മണിയറയിൽ നിന്ന് മണ്ണറയിലേക്ക്.....എന്നാണ് പേര്....നല്ല പ്രസംഗാ....പള്ളിക്കന്ന് എല്ലാരോടും വരാൻ പറഞ്ഞ്ക്ക്ണ് ഉസ്താദ്....."
"ഹാ...ഉസ്താദ് പറഞ്ഞിക്ക്ണെങ്കില് പൊയ്ക്കോ....പ്രസംഗം കഴിഞ്ഞാല് നേരെ ഇങ്ങോട്ട് വന്നോണ്ടീം...അവടെ ചുറ്റിത്തിരിഞ്ഞ് നടക്കാൻ നിക്കണ്ട....ഉമ്മ ആജ്ഞാപിച്ചു....
ഞാനങ്ങനെ സെയ്യോ ഉമ്മാ എന്നും ചോദിച്ച് ഒരു ഉറപ്പും കൊടുത്ത് ഞാൻ റോഡിലൂടെ തുള്ളിച്ചാടി.....
അങ്ങാടീലേക്ക് കുതിച്ചു....ഹല്ലപിന്നെ...ഞമ്മളോടാ ഉമ്മാൻറ്റെ കളി....
നേരെ കമ്പനിക്കാരുടെ അടുത്ത് പോയി...എല്ലാരും എത്തീക്ക്ണ്....കൂറ്റനും കുർക്കനും എല്ലാരുമുണ്ട്....ഇവരൊന്നും ജീവികളല്ലാട്ടോ...സ്വഭാവ മഹിമകൾക്കൊണ്ടും കോലം കൊണ്ടും വീണ്കിട്ടിയ ഇരട്ടപേരുകളാണ്....എന്നെ ദുൽഖർ സൽമാനേന്ന് വിളിക്ക്ണെ പോലെ....
അങ്ങനെ എല്ലാരീം കൂട്ടി ഗാനമേളക്ക് പോയി.....എല്ലാ ഗാനമേളക്കും ഉണ്ടാവുന്ന മോഹൻലാലിൻറ്റെ നരനിലെ "എ മുരുകാ ഹരോ ഹരാ....വേലായുധാ ഹരോ ഹരാ" സോങ്ങ് തന്നെയാണ് ആദ്യ ഐറ്റം....
തുണി മടക്കിക്കുത്തി ഞങ്ങൾ നാലാളും പാട്ടിനനുസരിച്ച് ചാടാൻ തുടങ്ങി....പാട്ടിൻറ്റെ കൂടെയുള്ള എൻറ്റെ സ്റ്റെപ്പുകൾ കണ്ടപ്പോൾ മുകളിൽ സ്റ്റെപ്പിലിരിക്കുന്ന കമ്മറ്റിക്കാർ ഉപദേശിക്കാനെന്ന രൂപേണ ഇറങ്ങി വന്നു....
അവരുടെ വരവ് കണ്ടതോട് കൂടി ഒരു പ്രകോപനമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഞങ്ങൾ ചാട്ടത്തിൻറ്റെ വേഗത വർദ്ധിപ്പിച്ചു....
ചാട്ടത്തിനിടയിൽ കൂട്ടത്തിലൊരുത്തൻ സ്റ്റേജിലേക്ക് കരൻറ്റ് സപ്ലേ ചെയ്തിരുന്ന താഴെ കിടന്ന വയറിൽ ചവിട്ടി.....
കരൻറ്റ് പോയി...മൊത്തം ഇരുട്ട്...അടി ഉറപ്പ്....ലൈറ്റ് വരുന്നതിന് മുമ്പ് തടി തപ്പിയാൽ അടുത്ത ഗാനമേളക്കും ചാടാം......കരൻറ്റ് വന്നാൽ ഞമ്മടെ നെഞ്ചത്താവും അവരുടെ ചാട്ടം...
ഇരുട്ടത്ത് മുങ്ങുന്നതിനിടയില് ഒരുത്തൻ എൻറ്റെ കൊല്ലിക്ക് പിടിച്ചു...ഞാനവനെ തട്ടി മാറ്റി...പെട്ടെന്ന് കരൻറ്റ് വന്നു.....ഒപ്പമുണ്ടായിരുന്ന മൂന്നുപേരും മുങ്ങി....
സത്യത്തില് അവരും ഞാനും ഒരേ പോലെയാണ് മുങ്ങിയത്...പക്ഷേ അവരൊക്കെ കറുത്തിട്ടായത് കൊണ്ട് ഇരുട്ടത്ത് കമ്മറ്റിക്കാരുടെ ശ്രദ്ധയിൽ പെട്ടില്ല...ഞാനാണേല് നല്ല വെളുത്ത് തുടത്ത ഒരു സുന്ദരനും...ഏത് ഇരുട്ടത്ത് നിന്നാലും വെട്ടിത്തിളങ്ങും.....അതാണ് എന്നെ മാത്രം പിടിക്കാനുള്ള കാരണം....
ഒരു വിധം സാമാന്യം മര്യാദയില് കിട്ടിയപ്പം ഞാനടങ്ങി....അല്ലേല് കാണാമായിരുന്ന്.....
അവസാനം എന്നെ അടിച്ചതിന് തിരിച്ച് തല്ലാൻ മ്മളെ ടീംസ് ആളുകളേയും കൂട്ടി വന്നു...ഉടനെ എവിടുന്നൊക്കെയോ കുറച്ച് ധൈര്യം എനിക്ക് കിട്ടി....
അവരെ കണ്ട ഉടനെ ഗാനമേളയിലെ കരൻറ്റ് വീണ്ടും പോയി....ഇതാരും വയറിൽ ചവിട്ടിയതല്ല....കമ്മറ്റിക്കാര് ഓഫാക്കിയതാണ്....പിന്നെ അടിയുടെ ബദറായിരുന്നു......കിട്ടലോട് കിട്ടൽ....
റ്റ്യൂബ്ലൈറ്റുകളും സോഡാകുപ്പികളും അവരുടെ തല്ലിന് കരുത്ത് കൂട്ടി....
ഏകദേശം എനിക്ക് കിട്ടിയ പോലെയൊക്കെ തന്നെ ൻറ്റെ നാട്ടാർക്കും കിട്ടീന്ന് ഉറപ്പായപ്പം അവര് തല്ല് നിർത്തി.....അങ്ങനെ രണ്ടു ദിവസം കഞ്ഞീം കുടിച്ച് വീട്ടിൽ കഴിഞ്ഞുകൂടേണ്ട ഗതിയിലായി......
നേരെ വീട്ടിലേക്ക് പോയി...
"കഥപ്രസംഗം എങ്ങനുണ്ടെയ്നീം...." ഉമ്മയാണ്...
"ഹാ കൊള്ളാം.....മണിയറ കണ്ടില്ല...പക്ഷേ..മണ്ണറ സൂപ്പറായിരുന്നു...." ഞാൻ മറുപടി കൊടുത്തു...
കാര്യം പുറത്തായാല് ബാപ്പാൻറ്റെട്ത്ത്ന്ന് നല്ലോണം കിട്ടും....ഇനി ഒരു തല്ല് കൊള്ളലിനുള്ള ആരോഗ്യം എൻറ്റെ ശരീരത്തിലില്ലാന്ന് മനസ്സിലായ ഞാൻ ബാപ്പ വരുന്നതിന് മുമ്പ് കിടന്നുറങ്ങാൻ തീരുമാനിച്ചു....
വേഗം പോയി കെടക്കാൻ പുറപ്പെട്ട ഞാനാ രംഗം കണ്ട് ഞെട്ടി.....ബാപ്പാൻറ്റെ ഓട്ടോറിക്ഷയതാ വരുന്നു.....സൈഡില് മിന്നി മിന്നി കത്തുന്ന ലൈറ്റുകൾ ഉണ്ടായത് കാരണം എത്ര ദൂരെ നിന്നും ആളെ മനസ്സിലാവും.....
ഞാൻ വേഗം വുളു എടുത്ത് റൂമിലേക്ക് ചാടിക്കയറി ഇശാ നിസ്കാരത്തിൽ പ്രവേശിച്ചു....
"എവ്ടെടീ അൻഷിഫ്...."
ബാപ്പ ഉമ്മാനോടാണ്....
"ഓൻ നിസ്കരിക്കാണ്....ഇപ്പൊ കഥാപ്രസംഗം കഴിഞ്ഞിങ്ങ് വന്നതേയൊള്ളൂ...."
"ഓൻറ്റെ കഥാപ്രസംഗം....ഓൻറ്റെ കാല് ഞാനിന്ന് വെട്ടും....ഓനിന്നാ ഗാനമേളക്ക് പോയി അവിടാകെ തല്ലുണ്ടാക്കി ആകെ പറയിപ്പിച്ച്ക്ക്ണ്....
പടച്ചോനെ...ബാപ്പ നല്ല ചൂടിലാ....അത്തഹിയാത്തിലിരിക്കുന്ന എൻറ്റെ മുട്ട് വിറക്കാൻ തുടങ്ങി....
ബാപ്പ നേരെ റൂമിലേക്ക് കയറീക്ക്ണ്.....വാതില് ഉള്ളിൽ നിന്ന് ലോക്ക് ചെയ്യുന്ന ശബ്ദം കേട്ട ഉടനെ എനിക്ക് മനസ്സിലായി....
സലാം വീട്ടിയാലപ്പം കിട്ടും... ഗ്യാരണ്ട്യാണ്....
രണ്ടും കൽപിച്ച് സലാം വീട്ടാതെ ഞാൻ നിസ്കാരത്തിൻറ്റെ റക്അത് കൂട്ടാൻ തുടങ്ങി...തെറ്റണെന്നറിയാം....പക്ഷേ അന്നത്തെ എന്നിലെ നിസ്സാഹായന് ആ പുളിവടിക്ക് മുന്നില് വേറെ നിവൃത്തിയില്ലായിരുന്നു...
നിസ്കാരം നിർത്തുന്നില്ല .....നിസ്കാരം നിർത്താതെ തല്ല് കിട്ടൂലാന്ന് ഉറപ്പാണ്....പക്ഷേ ഓവറായാല് ഉപ്പാക്ക് മനസ്സിലാവും...അതുകൊണ്ട് ഫാതിഹ കഴിഞ്ഞിട്ട് സൂറത്തുകൾ വലുത് വലുത് ഓതാൻ തുടങ്ങി.....
പണ്ടൊക്കെ അഞ്ചുമിനുട്ട് കൊണ്ട് ഇശാഉം മഖ്രിബും നിസ്കരിച്ചിരുന്ന ഞാൻ ഇശാഅ മാത്രം അരമണിക്കൂറിനടുത്തായി......
എങ്ങനെ കൈച്ചിലാവും..ഓടാനുള്ള വാതിൽ ബാപ്പ മുൻകൂട്ടി അടച്ച്ക്ക്ണ്....
"ഒരു സെക്കൻറ്റിന് ഒരടി അധികം..."
ബാപ്പ ഞാൻ കേൾക്കെ ക്ലോക്കില് നോക്കി ഉറക്കെ പറഞ്ഞു....എന്നോടെന്നല്ലാത്ത രീതിയില്.....
വെറുതെ എന്തിനാ കിട്ടുന്ന അടിയുടെ എണ്ണം കൂട്ടുന്നത്.....
അസ്സാലാമു അലൈക്കും വറഹ്മതുല്ലാ..... സലാം വീട്ടിയത് ഓർമയുണ്ട്......
ഠേ...ഠേ... ചറപറാന്ന് അടി.....സ്വന്തം മകനാണെന്ന ചിന്ത പോലുമില്ല ബാപ്പാക്ക്........പുറത്താകെ തുരുതുരാ പാടുകൾ .......
അടി ബാപ്പ നിർത്ത്ണില്ല.....തടുത്തിട്ട് കാര്യമില്ല....തടുക്കുന്തോറും അടീടെ എണ്ണം കൂടുന്നുണ്ട്....തുരുതുരാ അടി......
അവസാനം എൻറ്റെ പതിനെട്ടാമത്തെ അടവ് എടുത്തു....ബോധം കെട്ട പോലെ അഭിനയിക്കുക....ഉമ്മാൻറ്റെ കയ്യീന്ന് കിട്ടുമ്പോഴൊക്കെ ഇറക്കുന്ന അടവാണത്......അടിച്ച് കൊണ്ടിരിക്കുന്ന ഉമ്മ എൻറ്റെ അഭിനയം കണ്ടാല് അടി നിർത്തി വെള്ളം കൊണ്ട് വന്ന് സൽക്കരിക്കും...പാവം തോന്നീട്ട്........
രണ്ടും കൽപിച്ച് ബോധം കെട്ട പോലെ കെടന്നു...
ഠേ..ഠേ...എവടെ......ബാപ്പയുണ്ടോ അടി നിർത്ത്ണ്...തല്ലലോട് തല്ലൽ.....
ബോധം കെട്ടത് വെറുതെയായി ....തടുത്തിരുന്നെങ്കിൽ അത്രയും വേദന കുറക്കാമായിരുന്നു....ഹൊ....
അവസാനം ബോധം കെട്ടോട്ത്ത്ന്ന് വീണ്ടും എണീറ്റ് തടുക്കാൻ തുടങ്ങി...അടിയുടെ എണ്ണം വെച്ച് നോക്കുമ്പം സെഞ്ച്വറിയൊക്കെ ബാപ്പ എപ്പഴേ തികച്ചിട്ടുണ്ട്.....
അതിനിടയില് ഉമ്മ ഓടി വന്ന് "മർഷ്യാ....ൻറ്റെ കുട്ടീനെ തല്ലി കൊല്ലല്ലീന്നും പറഞ്ഞ് പുറത്ത് വാതിലിൽ കൊട്ടി പൊട്ടിക്കരയുന്നുണ്ട്.....
എന്തായാലും അവസാനം വടി തീർന്നു....വടിയും ഞാനും ചതഞ്ഞ് ചമ്മന്തിയായി....
ബാപ്പ പോയി...ഉമ്മ വന്ന് കെട്ടിപ്പിടിച്ചു....പൊട്ടിക്കരഞ്ഞു...അവസാനം ഉമ്മയും തന്നു ചെള്ളക്കൊന്ന്....."ഇഞ്ഞ് ഇയ്യ് നൊണ പറഞ്ഞ് ഗാനമേളക്ക് പോവോടാന്നും ചോദിച്ച്..."
അതിൻറ്റെ ദേശ്യത്തില് ഉമ്മ ചോറ് തിന്നാൻ വിളിച്ചപ്പം ഞാനൊന്ന് മസില് പിടിച്ചു...."ഇൻക്ക് വേണ്ട ഇങ്ങളെ ചോറ്...." എന്നും കൂടെ റൂമീന്ന് ഉറക്കെ വിളിച്ച് പറഞ്ഞു....
എനിക്കറിയാം കുറച്ച് കഴിഞ്ഞാല് ഉമ്മ തന്നെ വന്ന് നിർബന്ധിച്ച് തീറ്റിക്കൂന്ന്.....എനിക്കാണേല് നല്ല വിശപ്പൂണ്ട്....
"ഒരു വറ്റ് കൊട്ക്കരുത് ഓന് ഈ വീട്ട്ന്ന്..." ബാപ്പ വീണ്ടും അലമ്പുണ്ടാക്കുന്നു...
ഹേയ്...ഇത് കേട്ട് ഉമ്മ ഒന്നും തരൂല്ലെ പടച്ചോനെ...മനസ്സില് തീപ്പൊരി കത്തുന്നു....
അവരൊക്കെ ചോറ് കഴിച്ചു കഴിഞ്ഞു....ഞാൻ പതുക്കെ ഒന്ന് തല ഉയർത്തി നോക്കി....നിർത്തി പോയോന്നറിയണല്ലോ....
പടച്ചോനേ...ഉമ്മയതാ പാത്രം കഴുകി എടുത്ത് വെക്കുന്നു....ഇന്ന് വെറും അടി തിന്നു ഉറങ്ങേണ്ടി വര്വോല്ലോ അള്ളാ....
പണ്ടൊക്കെ ഉമ്മ വിളിച്ച് വരുത്തി തീറ്റിക്കുമായിരുന്നു....ഉമ്മയൊക്കെ ആളാകെ മാറി......
അവസാനം അലാരം വെച്ച് എണീറ്റ് അടുക്കളീല് പോയി നോക്കുമ്പം ഉമ്മ എനിക്ക് വേണ്ടി ഒരു പ്ലേറ്റില് നല്ല ഒരു ഓഹരി മാറ്റി വെച്ചിട്ടുണ്ട്.....
കറിയിലെ ഉപ്പുകുറവ് അവസാനം എൻറ്റെ കണ്ണുനീര് കൊണ്ട് മൂടപ്പെടുകയും ചെയ്തു......
0 comments