അവളുടെ സൗന്ദര്യം
1:52 amഎല്ലാവരും മോഹിക്കുന്ന അതി സുന്ദരി"
വിവാഹ പ്രായമെത്തി നിൽക്കുന്ന മകൻ പിതാവിനോട് പറഞ്ഞു: "ഞാനിന്നൊരു അതിസുന്ദരിയായ ഒരു പെൺകുട്ടിയെ കണ്ടു, എനിക്കവളെ വിവാഹം കഴിപ്പിച്ചു തരണം".
പിതാവ്: "അതിനെന്താ, എനിക്ക് സമ്മതം, പക്ഷെ എനിക്ക് പെണ്ണിനെ ഒന്ന് കാണണം". അവർ യാത്രയായി, അവളുടെ സൗന്ദര്യം കണ്ട മാത്രയിൽ പിതാവ് ഭ്രമിച്ചു പോയി.
പിതാവ്: "മകനേ ഇത്രയും സൗന്ദര്യമുള്ള ഒരു യുവതിയെ വിവാഹം കഴിക്കാൻ ജീവിതത്തിൽ പരിചയസമ്പത്തുള്ള ഒരാൾക്കേ സാധിക്കൂ, അതിനാൽ ഈ കുട്ടിയെ ഞാൻ വിവാഹം ചെയ്യുന്നതാണ് നന്ന്." മകൻ പക്ഷെ വിട്ടു കൊടുക്കാൻ തയാറായില്ല. അങ്ങനെ അവർ തമ്മിൽ തർക്കമായി. ഒടുവിൽ പോലീസ് സ്റ്റേഷനിൽ വെച്ച് അവരുടെ തർക്കം തീർക്കാനായി ചെന്നു.
കാര്യങ്ങൾ കേട്ട ശേഷം പോലീസ് മേധാവി പറഞ്ഞു: "പെണ്ണിന്റെ ഇഷ്ടം തിരക്കാം, എന്നിട്ട് തീരുമാനിക്കാം". അങ്ങിനെ പെണ്ണിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു, മുറിയിലേക്ക് കയറി വന്ന സുന്ദരിയെ കണ്ടു മേധാവി അമ്പരന്നു പോയി. ഒന്നാലിച്ചിട്ട് അദ്ധേഹം അവരോട് പറഞ്ഞു: "ഇത്രയും സുന്ദരിയായ ഒരു പെണ്ണിന് കരുത്തനായ ഒരു ഭർത്താവാണ് വേണ്ടത്, അതുകൊണ്ട് ഇവളെ ഞാൻ വേൾക്കുന്നതാണ് നല്ലത്." ചുരുക്കത്തിൽ തർക്കം മൂന്ന് പേരും തമ്മിലായി.
അങ്ങനെ പ്രശ്ന പരിഹാരത്തിന് മന്ത്രി ഇടപെട്ടു. നീതിയുക്തമായ പരിഹാരത്തിന് പെണ്ണിന്റെ അഭിപ്രായം കൂടിയേ തീരൂവെന്ന് മനസ്സിലാക്കിയ മന്ത്രി അവളെ കൂട്ടി കൊണ്ടു വരാൻ കൽപ്പിച്ചു. ചേംബറിലേക്ക് അവൾ കടന്നപ്പോൾ തന്നെ മന്ത്രിയുടെ കിളി പോയി. അയാൾ പറഞ്ഞു: "ഇത്രയും മൊഞ്ചും ആഭിജാത്യവുമുള്ള ഒരുവൾ മന്ത്രി പത്നിയാകുന്നതാണ് ഉത്തമം".
മറ്റവർ സമ്മതിക്കുമോ.? ദിനേന തർക്കക്കാർ കൂടി. ഒടുവിൽ രാജാവിന്റെ ചെവിയിലുമെത്തി രാജ്യത്തെ പെണ്ണു തർക്കം. നാലുപേരെയും കൊട്ടാരത്തിലേക്ക് വിളിപ്പിച്ചു, കാര്യങ്ങൾ തിരക്കിയ ശേഷം യുവതിക്ക് ആരെയാണോ ഇഷ്ടം അയാൾ അവളെ സ്വീകരിക്കാൻ ഉത്തരവിട്ടു. യുവതിയെ ഹാജരാക്കാൻ കൽപ്പിച്ചു. അതി വിശിഷ്ടമായ ഉടയാടകൾ ധരിച്ചെത്തിയ സുന്ദരിയെ കണ്ട് രാജാവും പരിവാരങ്ങളും സ്തബ്ധരായി.
രാജാവ് ഒന്നാലോചിച്ചു, എന്നിട്ട് തലയുയർത്തി പ്രഖ്യാപിച്ചു " എല്ലാവരും പിരിഞ്ഞു കൊള്ളുക, ഞാൻ കരുതിയത് നിങ്ങൾ ഒരു സാധാരണ പെണ്ണിന് വേണ്ടിയാണ് തർക്കിക്കുന്നതെന്നാണ്, എന്നാൾ ഇവളൊരു അസാധാരണ യുവതിയാണ്, ആയതിനാൾ ഇവളെ രാജപത്നിയാക്കാൻ നാം തീരുമാനിച്ചു". പക്ഷെ ആരും പിരിഞ്ഞു പോയില്ല, രാജകൽപ്പന അനുസരിക്കാൻ ആർക്കും കഴിഞ്ഞില്ല, ദർബാറിൽ അപശബ്ദങ്ങൾ ഉയരാൻ തുടങ്ങി.
ഒരു കലാപത്തിന്റെ വക്കിലെത്തിയ സദസ്സിൽ, അതുവരെ മിണ്ടാതിരുന്ന സുന്ദരി തന്റെ മധുരമായ ശബ്ദത്തിൽ മൊഴിഞ്ഞു: "എന്റെ പേരിൽ നിങ്ങൾ കലഹിക്കേണ്ട, ഞാനൊരു പരിഹാരം പറയാം, ഞാൻ നിങ്ങളുടെ മുമ്പിലൂടെ ഓടും. ആരാണോ ആദ്യം എന്നെ തൊടുക അവർക്ക് ഞാൻ സ്വന്തം." എല്ലാവരും സമ്മതിച്ചു.
അവൾ ഓടാൻ തുടങ്ങി, സദസ്സിലുണ്ടായിരുന്നവരെല്ലാം അവൾക്ക് പിന്നിലും ഓട്ടം തുടങ്ങി. പക്ഷെ മുന്നിലെത്തുന്നവരെല്ലാം അവളുടെ പിന്നിൽ രൂപപ്പെടുന്ന ഭീമാകാരമായ കുഴിയിലേക്ക് വീണ് കൊണ്ടിരുന്നു. ഒന്നും നേടാനാവാതെ.
കുഴിയുടെ അപ്പറത്ത് നിന്ന് കൊണ്ട് അവൾ വീണ് കിടക്കുന്നവരെ നോക്കി വിളിച്ചു പറഞ്ഞു:
"ഹേ, വിഡ്ഢികളായ മനുഷ്യരേ... ഞാനാണ് സുന്ദരമായ 'ദുനിയാവ്'. എന്റെ നശ്വരമായ സൗന്ദര്യത്തിൽ ഭ്രമിച്ച് നിങ്ങൾ എന്റെ പിന്നാലെ ഓടുകയാണ്, നിങ്ങൾ എത്ര വേഗതയിൽ ഓടിയാലും എന്നെ പ്രാപിക്കാൻ നിങ്ങൾക്കാവില്ല, അവസാനം 'ഖബർ' എന്ന ഈ കുഴിയിൽ വീഴുന്നത് വരെ. ഇന്ന് നിങ്ങൾ എല്ലാം നഷ്ടപ്പെട്ടവരാണ്, നിങ്ങളുടെ ജീവിതം നഷ്ടം..."
ഇപ്പോൾ അവളുടെ ശബ്ദത്തിന് പഴയ മാധുര്യമില്ലായിരുന്നു.....
ഖുർആനിലൂടെ അല്ലാഹു പറയുന്നു: "ദുനിയാവ് എന്നത് കളിചിരിയും തമാശയും വിനോദവും നിറഞ്ഞതല്ലാതെ മറ്റൊന്നുമല്ല, ശരിയായ സങ്കേതം എന്റടുക്കലാകുന്നു".
ഈ റമദാനിൽ നാം അനുഷ്ടിക്കുന്ന ഇബാദത്തുകൾ തുടർന്നുള്ള മാസങ്ങളിലും അനുഷ്ടിക്കുവാനും ജീവിതത്തിൽ നിലനിർത്തുവാനും അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ,
വായിക്കുക മനസ്സിലാക്കുക മറ്റുള്ളവരിലേക്കും എത്തിക്കുക.
0 comments