Smartphone games
10:05 amസ്മാർട്ട്ഫോൺ ഗെയിം മേഖലയിൽ ആവേശമാറി മാറിയ പോക്കിമോനെ കുറിച്ച് നല്ലതും ചീത്തയുമായ നിരവധി വാർത്തകളാണ് വന്നുക്കൊണ്ടിരിക്കുന്നത്. അമേരിക്ക, ഓസ്ട്രേലിയ, ന്യൂസിലൻഡ് രാജ്യങ്ങളിൽ സജീവമായ പോക്കിമോൻ ഗോ സോഷ്യൽമീഡിയകളിലും ഹിറ്റ് തന്നെ. എന്നാൽ ചിലയിടങ്ങളിലെങ്കിലും പോക്കിമോൻ ഗെയിം സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്നുണ്ടെന്നും ആരോപണം ഉയർന്നിട്ടുണ്ട്.
ഇതിനാൽ തന്നെ പോക്കിമോന്‍ ഗോ ഗെയിമില്‍ നിന്ന് ചില സ്ഥലങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്നവരും കുറവല്ല. പോക്കിമോനെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് ഹോളോകോസ്റ്റ് മ്യൂസിയം അധികൃതര്‍ രംഗത്തെത്തി. വെർച്വൽ റിയാലിറ്റിയിൽ കളിക്കാവുന്ന ഗെയിം പാർക്ക്, മ്യൂസിയം, ശവപറമ്പ്, സെമിത്തേരി, തന്ത്രപ്രധാന സ്ഥലങ്ങൾ എന്നിവയ്ക്ക് ഭീഷണിയാണ്.
കളിക്കാരന്റെ മുന്നിലുള്ള സ്ഥലത്താണ് പോക്കിമോൻ നടക്കുന്നതെന്ന് തോന്നിപ്പിക്കുന്നതാണ് എല്ലാറ്റിനും പ്രശ്നം. നാസിസ ഇരകള്‍ക്കായി അമേരിക്കയിൽ നിര്‍മിച്ചിട്ടുള്ള മ്യൂസിയമാണ് ഹോളോകോസ്റ്റ്. ഇതിനു പുറമെ വിര്‍ജീനിയയിലെ ആര്‍ലിങ്ടണ്‍ നാഷനല്‍ സെമിത്തേരിയെയും പോക്കിമോന്‍ ഗെയിമിൽ നിന്ന് ഒഴിവാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവിടെയെല്ലാം പോക്കിമോൻ എത്താൻ ഇടയുണ്ട്. അങ്ങനെ വന്നാൽ ഗെയിം കളിക്കുന്നവർ ഇവിടെ എത്തപ്പെട്ടാൽ സുരക്ഷാപ്രശ്നമുണ്ടാകും.
പോക്കിമോന്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ അന്വേഷിച്ച് കുട്ടികൾ മ്യൂസിയത്തില്‍ എത്താന്‍ സാധ്യതയുണ്ട്. ശവപറമ്പിലോ മ്യൂസിയത്തിലോ പാർക്കുകളിലോ ഗെയിം അനുവദിക്കാൻ കഴിയില്ലെന്ന് പരാതിക്കാരനായ സ്റ്റീഫന്‍ സ്മിത്ത് പറഞ്ഞു. എന്നാല്‍, ഗെയിം നിർമാതാക്കളാ നിന്‍ഡകോ ഇത് സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.
എന്താണ് പോക്കിമോൻ
പോക്കിമോൻ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ ഗെയിമാണ്. ആപ്ലിക്കേഷൻ ഉപയോഗിച്ച് കളിക്കാവുന്ന ഗെയിം. പോക്കിമോൻ കാർട്ടൂണുകൾ നേരത്തെ തന്നെ എല്ലാവർക്കും പരിചിതമാണ്. ഈ കാർട്ടൂൺ കഥാപാത്രങ്ങളാണ് പുതിയ ഗെയിമായും വന്നിരിക്കുന്നതെന്ന് പറയാം. സാധാരണ ഗെയിമുകളിൽ നിന്ന് വ്യത്യസ്തമായി പോക്കിമോൻ ഗോ റിയാലിറ്റി ലോകം കൊണ്ടുവന്നു. ഇതാണ് പോക്കിമോനെ മുതിർന്നവർക്കിടയിൽ പോലും ഹിറ്റാക്കിയത്.
ഐഒഎസ്, ഗൂഗിൾ പ്ലേ സ്റ്റോറുകളിൽ ലിസ്റ്റു ചെയ്തിട്ടുള്ള പോക്കിമോൻ ഗോ കുറഞ്ഞ ദിവസങ്ങളിൽ ഏകദേശം 75 ലക്ഷം പേരാണ് ഡൗൺലോഡ് ചെയ്തത്. ഇതിലൂടെ കമ്പനിക്ക് ദിവസവും കിട്ടുന്നതോ 16 ലക്ഷം ഡോളർ (ഏകദേശം 10.74 കോടി രൂപ). അമേരിക്കയിലെ കുട്ടികൾക്കിടയിൽ പോക്കിമോൻ വലിയ ചലനമാണ് സൃഷ്ടിച്ചിരിക്കുന്നത്.
പ്രതീതിയാഥാര്‍ഥ്യം (ഓഗ്‌മെന്റഡ് റിയാലിറ്റി) എന്ന അത്യാധുനിക, വ്യത്യസ്തമായ ആശയമാണ് പോക്കിമോൻ നിർമാതാക്കളായ നിന്റെന്റോ ഗെയിംസ് പരീക്ഷിച്ചത്. ഇത് വൻ ഹിറ്റാകുകയും ചെയ്തു. സ്മാർട്ട് ഫോൺ ക്യാമറ ഉപയോഗിച്ച് സമീപത്ത് കാണുന്ന സ്ഥലങ്ങളിൽ ഗെയിം നടക്കുന്നതായി അനുഭവപ്പെടും. നമുക്ക് മുന്നിലുള്ള സ്ഥലത്താണ് പോക്കിമോൻ ഗെയിം നടക്കുന്നതെന്ന് സ്മാർട്ട്ഫോൺ സ്ക്രീനിൽ നോക്കുമ്പോൾ തോന്നും.
വിവിധ കഴിവുകളുള്ള, രീതിയിലുള്ള പോക്കിമോനുകളുണ്ട്. കളിക്കുന്ന സ്ഥലത്തിനും കാലാവസ്ഥയ്ക്കും അനുസരിച്ച് വരെ പോക്കിമോൻ കഥാപാത്രങ്ങൾ മാറും. സാഹചര്യങ്ങളോട് ഒത്തിണങ്ങിയുള്ള ഗെയിം എന്ന് പറയാം. സ്ക്രീനിൽ കാണുന്ന പോക്കിമോനെ തേടിയുള്ള യാത്രയാണ് ഗെയിം. സ്മാർട്ട്ഫോണിലെ ജിപിഎസ് വഴി നൽകുന്ന വഴിയിലൂടെ സഞ്ചരിച്ച് കാണുന്ന പോക്കിമോനുകളെ പിടിക്കുന്നതാണ് ഗെയിം.
വഴികളിലും പുഴകളിലും കടലിലും എന്തിന് വെള്ളച്ചാട്ടത്തിൽ വരെ പോക്കിമോനെ കണ്ടെന്നിരിക്കും. അത് പിടിക്കാൻ പോയാൽ വൻ ദുരന്തവും സംഭവിച്ചേക്കാം. പോക്കിമോൻ കുട്ടികളുടെ സുരക്ഷയ്ക്ക് ഏറെ ഭീഷണിയാണെന്നാണ് മിക്കവരും വിലയിരുത്തുന്നത്. പോക്കിമോൻ തേടിപോകുന്ന കുട്ടികൾ കിണറ്റിലോ, പുഴയിലോ അല്ലെങ്കിൽ സുരക്ഷിതമല്ലാത്ത ഇടങ്ങളിലോ എത്തിപ്പെടാൻ സാധ്യതയുണ്ട്. പോക്കിമോൻ കളിച്ച് മുന്നോട്ടുപോയ കുട്ടികൾ തെന്നിവീണിട്ടുണ്ട്, ചിലർ വഴി യാത്രക്കാരുമായി ഇടിച്ചുവീണു. ട്രെയിനിലും ബസിലും പോക്കിമോൻ വരുമെന്ന് പ്രതീക്ഷിച്ച് യാത്രവരെ വൈകിച്ചവരുണ്ട്.
ഏറെ സുരക്ഷാ പ്രശ്നമുള്ള ഈ ഗെയിമിനെതിരെ പൊലീസ് വരെ രംഗത്തെത്തി. കുട്ടികളെ ശ്രദ്ധിക്കണമെന്നും അവർ ഈ ഗെയിം കളിക്കുന്നവരാണെങ്കിൽ ഏറെ സൂക്ഷിക്കണമെന്നും രക്ഷിതാക്കൾക്ക് പൊലീസ് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.
0 comments