ഒരുരാത്രി നിനക്ക്

#വായിക്കാതെ_പോകല്ലേ... #ഇവർ_നമ്മളിലൊരാളാകാം... 'ഒരുപാട് മോഹിച്ചതല്ലേ. വേണമെങ്കില്‍ ഒരുരാത്രി നിനക്ക് എന്‍റെ കൂടെ കഴിയാം. ഒണ്‍ലി വണ്‍ ...

#വായിക്കാതെ_പോകല്ലേ...
#ഇവർ_നമ്മളിലൊരാളാകാം...

'ഒരുപാട് മോഹിച്ചതല്ലേ.
വേണമെങ്കില്‍ ഒരുരാത്രി നിനക്ക് എന്‍റെ കൂടെ കഴിയാം. ഒണ്‍ലി വണ്‍ നൈറ്റ്. അതിലപ്പുറമൊന്നുംമോഹിക്കണ്ട.
ഇതു തന്നെ ഞാന്‍ ചെയ്യുന്ന സാക്രിഫൈസാണെന്ന്....'

സാജിദ് എന്ന ഞങ്ങളുടെ സജിയോട് അവന്‍റെ കാമുകി പറഞ്ഞ അങ്ങേയറ്റം നീചമായ വാക്കുകളായിരുന്നു അത്.

ഹംദാന്‍ സ്ട്രീറ്റില്‍ ടാക്സി കാത്തുനില്‍ക്കവെയാണ് അവനെ ഞാന്‍ കണ്ടത്.

വളരെ വിലകൂടിയ സ്വകാര്യവാഹനം മുന്നില്‍ കൊണ്ടു വന്നു നിര്‍ത്തി പവര്‍ഗ്ളാസ് താഴ്ത്തി 'ജലീല്‍ക്ക' എന്നു വിളിച്ചപ്പോഴാണ് നോക്കിയത്. ആളെ തിരിച്ചറിഞ്ഞില്ലെങ്കിലും ഞാന്‍ വാഹനത്തില്‍ കയറി.

വിലകൂടിയ സണ്‍ഗ്ളാസ്. എക്സിക്യൂട്ടീവ് വേഷം. കഴുത്തില്‍ അയഞ്ഞു കിടക്കുന്ന ടൈ. തുടുത്ത മുഖത്ത് ബുള്‍ഗാന്‍ താടി. മുപ്പതു കഴിഞ്ഞ പ്രായം.

എത്ര കിണഞ്ഞ് ശ്രമിച്ചിട്ടും അയാളെ ഓര്‍മ്മയില്‍ നിന്ന് ചികഞ്ഞെടുക്കാനായില്ല. ഒടുവില്‍ ചോദിക്കേണ്ടി വന്നു.

ഹംദാനില്‍ നിന്നും സായിദ് സ്റ്റ്രീറ്റിലേക്ക്‌ വണ്ടി തിരിച്ചുകൊണ്ട് അവന്‍ പറഞ്ഞു.

''അധികം വിയര്‍ക്കണ്ട. ഞാന്‍ സജിയാണ്. നമ്മള്‍ തമ്മില്‍ കണ്ടിട്ട് അഞ്ചാറു കൊല്ലമായി.''

എനിക്കു വിശ്വസിക്കാന്‍ കഴിഞ്ഞില്ല.

നീട്ടിവളര്‍ത്തിയ മുടിയും ക്ളീന്‍ ഷേവുമായി നടന്ന മെലുഞ്ഞുണങ്ങിയ പയ്യന്‍ ഇപ്പോള്‍ തടിച്ചു കൊഴുത്ത്...എക്സിക്യൂട്ടീവ് വേഷത്തില്‍.

ഗള്‍ഫ് ജീവിതത്തില്‍ പല വിസ്മയങ്ങള്‍ക്കും സാക്ഷിയാകേണ്ടി വന്നിട്ടുണ്ട്. ഇന്നതൊരു പുതുമയല്ല. അതിലും വലിയ വിസ്മയമാണ് നടന്നിരിക്കുന്നത്. ആരോടും യാത്ര പറയാതെ കരഞ്ഞുകൊണ്ടോടിപ്പോയ സജിയില്‍ കാണുന്ന മാറ്റം....

അപ്പോള്‍ കേട്ടതൊക്കെ..?

കുറെ വര്‍ഷം മുമ്പാണ് സജിയെ അടുത്തറിയുന്നത്. സ്വകാര്യ കമ്പനിയില്‍ രണ്ടായിരം ദിര്‍ഹത്തിന് ജോലി ചെയ്തിരുന്ന മധ്യകേരളക്കാരന്‍.

അന്നവന് പ്രായം 24.
കഴുത്തില്‍ സ്വര്‍ണ്ണ ചെയിനും നീണ്ട കൃതാവുമൊക്കെ അവനൊരു പൂവാല പരിവേഷം നല്‍കിയിരുന്നു.

അവനൊരു പ്രേമബന്ധമുണ്ടായിരുന്നു. സുലേഖ. അതായിരുന്നു അവളുടെ പേര്. അവള്‍ ബാംഗ്ളൂരില്‍ നഴ്സിംഗിന് പിഠിക്കുകയായിരുന്നു. പാവപ്പെട്ട കുടുംബത്തില്‍ പെട്ടവള്‍.
പഠിക്കാനുളള ചെലവും മറ്റും നോക്കിയിരുന്നത് സജിയാണ്.
അവരുടെ വിവാഹത്തിന് വീട്ടുകാര്‍ നേരത്തെ മൗനസമ്മതം നല്‍കിയതുമാണ്.

കോഴ്സ് പൂര്‍ത്തിയാക്കിയപ്പോള്‍ സജി സുലേഖയെ വിസിറ്റിംഗ് വിസയില്‍ ഗള്‍ഫിലേയ്ക്ക് കൊണ്ടു വന്നു. ഒരു ബന്ധുവിന്‍റെ കുടുംബത്തോടൊപ്പം താമസിപ്പിച്ചു.

ആരോഗ്യവകുപ്പിന്‍റെ പരീക്ഷ നല്ലനിലയില്‍ പാസായ സുലേഖക്ക് നല്ല ശമ്പളത്തോടെയുളള ജോലിയും ലഭിച്ചു.

തുടക്കത്തില്‍ സമയം കിട്ടുമ്പോഴൊക്കെ സുലേഖയെ ചെന്നു കാണും. കണ്ടില്ലെങ്കില്‍ സുലേഖ പിണങ്ങുകയും ചെയ്യും.

പക്ഷെ സ്വന്തമായ സമ്പാദ്യം എന്ന സുലേഖയുടെ മോഹം അതിരുവിടുന്നത് സജി അറിഞ്ഞിരുന്നില്ല. ഒരു ചിരിയിലൂടെ, ഒരു നോട്ടത്തിലൂടെ പലതും നേടാമെന്ന് അവള്‍ പഠിച്ചു. അയ്യായിരം ദിര്‍ഹം ശമ്പളം വാങ്ങുന്ന തനിക്കു മുമ്പില്‍ വെറും രണ്ടായിരക്കാരനായ സജിക്ക് വിലയൊന്നുമില്ലെന്ന് അവള്‍ക്കു തോന്നി.
സംസ്കാരവും  സദാചാരവുമൊക്കെ ഇക്കാലത്ത് മനുഷ്യരെ വിലങ്ങിടുന്ന പ്രാചീനരുടെ കുടുമനസ്സിന്‍റെ നീതി ശാസ്ത്രമാണെന്നും അവള്‍ കണ്ടു.

ജീവിതം ആസ്വദിക്കുക എന്നതായിരുന്നു അവളുടെ തിയറി.

അവള്‍ നാട്ടില്‍ സ്വന്തമായി സ്ഥലം വാങ്ങി മാളികപണിയാന്‍ തുടങ്ങി. ഒപ്പം സജിയെ അകറ്റി നിര്‍ത്താനും. അവനെ കാണുന്നതോ സംസാരിക്കുന്നതോ പോലും അവള്‍ക്ക് അസഹനീയമായി.

സുലേഖയുടെ അതിരുവിട്ട ബന്ധങ്ങള്‍ സജിയുടെ നിദ്രാവിഹീന നിശകളായി. അവളെ  ഒരുപാട് ഉപദേശിക്കുകയും ശാസിക്കുകയും   ചെയ്തെങ്കിലും അവള്‍ക്കൊരു കൂസലുമുണ്ടായില്ല.

ഒരു ദിവസം വളരെ ക്ഷുഭിതനായാണ് സജി അവളെ ചെന്നു കണ്ടത്. അവര്‍ ഒരുപാട് വഴക്കിട്ടു. ഒടുവില്‍ സുലേഖ പറഞ്ഞു.

''പഴയതൊന്നും വിളമ്പണ്ട. നിനക്ക് ചെലവായ പണമെല്ലാം ഞാന്‍ തിരിച്ചു തരാം. ഒരു രണ്ടായിരക്കാരനെ ഹസ്സായി ആക്സെപ്റ്റ് ചെയ്യാന്‍ അയാം നോട്ട് മാഡ്.''

സജി ആകെ തളര്‍ന്നു. മുഖം പൊത്തിക്കരയുന്ന അവന്‍റെ കാതുകള്‍ തകര്‍ക്കും വിധം സുലേഖയുടെ വാക്കുകള്‍ തീമഴയായി പെയ്തിറങ്ങി.

''വേണമെങ്കില്‍ ഒരു രാത്രി നിനക്കു തരാം. ഒരേയൊരു രാത്രി..''

അവളുടെ മുഖമടച്ച് ഒരു അടി കൊടുക്കാന്‍ അവന്‍റെ കൈ തരിച്ചു. മര്യാദയുടെ ബാലപാഠം പോലും പഠിക്കാത്ത തെരുവിലെ അപഥസഞ്ചാരിണിയെപ്പോലെ സുലേഖ സംസാരിച്ചപ്പോള്‍ പിന്നെ അവന്‍ ഒരു നിമിഷം പോലും അവിടെ നിന്നില്ല.

ആകെ അവശനായി റൂമില്‍ ചെന്ന്  കുറെ കരഞ്ഞു. ആ ശ്വാസവചനങ്ങള്‍ അവന് സാന്ത്വനമായില്ല. താങ്ങാനാവാത്ത അപമാനഭാരവുമായി അന്നു തന്നെ അബൂദാബി വിടുകയും ചെയ്തു.

അന്ന് കരഞ്ഞുകൊണ്ടിറങ്ങിപ്പോയവനാണ് ഇന്ന് പക്വമതിയായ ഒരാളെപ്പോലെ നിസ്സംഗനായി അരികില്‍ ഇരിക്കുന്നതെന്ന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.

മദീനാസായിദിലെ മുഗള്‍ റസ്റ്റോറണ്ടിനു മുന്നില്‍ വണ്ടി നിര്‍ത്തി എന്നെ ഇറക്കിയതിനു ശേഷം സജി പറഞ്ഞു.

''ജലില്‍ക്കാ,
ഞാന്‍ അടുത്തയാഴ്ച വരുന്നുണ്ട്. അപ്പോള്‍ വീണ്ടും കാണണം.''

''നിന്‍റെ നമ്പര്‍ തന്നിട്ടു പോ..''

വിസിറ്റിംഗ് കാര്‍ഡ് തന്ന് കൈവീശി യാത്രപറഞ്ഞ് അവന്‍ കാര്‍ മുന്നോട്ടെടുത്തു.

ഞാന്‍ കാര്‍ഡ് നോക്കി.

കംപ്യൂട്ടര്‍ മേഖലയില്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ പ്രമുഖ ഷാര്‍ജ കമ്പനികളിലൊന്നിന്‍റെ മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്ത് അവന്‍റെ പേരായിരുന്നു. ദിവസവും ലക്ഷങ്ങള്‍ മറിയുന്ന കച്ചവടത്തിനുടമ!!

ഇല്ല , അവനിപ്പോള്‍ പഴയ സജിയല്ല. കോടികളുടെ അധിപനാണ്.

അപ്പോള്‍,... പണത്തിന്‍റെ പിന്നാലെ എല്ലാം തൃണവല്‍ഗണിച്ചോടിയ സുലേഖക്ക് എന്താണ് സംഭവിച്ചത്..?

സജിയോട് ചോദിക്കാമായിരുന്നു.

വേണ്ട; അതറിയാനുളള ആകാംക്ഷ തല്‍ക്കാലം ഞാനടക്കി.

രചന: ജലീൽ രാമന്തളി
#വളപ്പൊട്ടുകൾ..

You Might Also Like

0 comments

Flickr Images