കേസ് അന്വേഷണം

അങ്ങ്‌ തൃശൂരിൽ നിന്നും വിരുന്നിനും നോമ്പ്‌ തുറയ്ക്കുമായി വന്ന, മൂത്തമാമായുടെ മകൻ സുൽഫിക്കറും ഭാര്യയും സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ചാവിയാണ്‌...

അങ്ങ്‌ തൃശൂരിൽ നിന്നും വിരുന്നിനും നോമ്പ്‌ തുറയ്ക്കുമായി വന്ന, മൂത്തമാമായുടെ മകൻ സുൽഫിക്കറും ഭാര്യയും സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ചാവിയാണ്‌ വീട്ടിൽ വെച്ച്‌ ആവിയായിപ്പോയിരിക്കുന്നത്‌. എവിടെപ്പോയി എന്ന് ആർക്കും ഒരു എത്തും പിടിയും കിട്ടിയില്ല. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം അയലത്തെ സേതുരാമൻ ചേട്ടൻ ഏറ്റെടുക്കുന്നതുവരെ പറയത്തക്ക പുരോഗമനം ഒന്നുമില്ലാതെ നീണ്ടുപോയി.

നോമ്പുതുറയൊക്കെ കഴിഞ്ഞ് വീട്ടിൽ നിന്ന് പുറപ്പെടാൻ ഒരുങ്ങവേയാണ്‌ വിരുന്നുവന്നവർ ഇക്കാര്യം ശ്രദ്ധിക്കുന്നത്‌. ലോക്കൽ പോലീസ്-അതായത്‌ വീട്ടിലുള്ളവർ-‌‌ പ്രതികളെന്ന് തോന്നിയ നാലുപേരെ കസ്റ്റഡിയിലെടുത്തു. ഔറു എന്ന ആരിഫ്‌ (7), പൊടി എന്ന ആസിഫ്‌ (4), അഫ്ലു എന്ന അഫ്ലഹ്‌ (1.5), ബാച്ചി എന്ന ബാസിൽ (5).  ഇവരെ ഉൾപ്പെടുത്തി പ്രതിപ്പട്ടിക തയ്യാറാക്കി ചോദ്യം ചെയ്യൽ ആരംഭിച്ചെങ്കിലും അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടായില്ല.  

“പിള്ളേർക്ക് കളിക്കാൻ ഇതൊന്നും കൊടുത്ത് പഠിപ്പിക്കരുതെന്ന് എത്ര തവണ പറഞ്ഞിട്ടുള്ളതാണ്!” ഉമ്മറത്തിരുന്ന് ഉമ്മുമ്മ സുപ്രീം കോടതി സ്റ്റൈലിൽ ചില പരാമർശങ്ങൾ നടത്തി. പിള്ളേരെ നിയന്ത്രിക്കുന്നതിൽ ഉള്ള ഉത്ഘ്ണ്ഠ ഇതിനു മുമ്പും സുപ്രീം കോടതി രേഖപ്പെടുത്തിയിട്ടുള്ളതാണ്. കാരണവന്മാർ ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ച് ഇത് പലപ്പോഴും ശരിവെച്ചിട്ടുള്ളതുമാണ്. അതെന്തായാലും ഏറ്റവും അടുത്ത് നടന്ന പരാമർശം പിള്ളേരുടെ തള്ളമാർക്ക് അത്ര പിടിച്ചില്ല.

“ഉമ്മാ ഒന്നു മിണ്ടാതിരിക്കുന്നുണ്ടോ?, അത് ഇവിടെ എവിടെയെങ്കിലും കാണും. നോക്കട്ടെ, ഇവിടുന്ന് എവിടെപ്പോകാനാ?”

കോടതിയലക്ഷ്യമായി പരിഗണിക്കപ്പെട്ടേക്കാവുന്ന ഒരപരാധമായിരുന്നു ആ ഡയലോഗെങ്കിലും കോടതി തൽക്കാലം അടങ്ങി.

കേസ് അന്വേഷണം റിട്ടയേഡ് കാരണവന്മാരെ ഏൽപ്പിക്കാമെന്ന് ആദ്യം കരുതിയെങ്കിലും പ്രഥമ തെളിവെടുപ്പിന് പുളിങ്കമ്പ് വെട്ടിയുള്ള മൂന്നാം മുറ ഉൾപ്പടെയുള്ള നടപടിക്രമങ്ങൾ വേണ്ടിവരുമെന്നതിനാൽ അന്വേഷണം പ്രതികളുടെ സ്വന്തം തന്തമാർ തന്നെ നേരിട്ട് നടത്താൻ തീരുമാനമായി. പ്രതികളെ ഓരോരുത്തരെയായി പിടിച്ചു നിർത്തി ചോദ്യം ചെയ്യൽ ആരംഭിച്ചു. എന്നാൽ കാറിന്റെ ചാവി ആരും എടുത്തിട്ടില്ല, ആർക്കും അതൊട്ട് അറിയുകയുമില്ല എന്ന വീണ്ടും വീണ്ടുമുള്ള ഉത്തരങ്ങൾ അന്വേഷണ സംഘത്തെ ഒട്ടൊന്നുമല്ല വലച്ചത്. പ്രതിപ്പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ അഫ്‌ലു (1.5) വിനെ ചോദ്യം ചെയ്ത അന്വേഷണ സംഘം  അവൻ പറയുന്ന ഭാഷ മനസ്സിലാക്കാനാവാതെ കുഴങ്ങി. ഒടുവിൽ ട്രാൻസ്ലേറ്റ് ചെയ്യാൻ അവന്റെ ഉമ്മ മുംതാസ് അടുക്കളയിലെ ജോലി പാതിക്കിട്ട് വരേണ്ടി വന്നു.

“മോനേ അഫ്‌ലുക്കുട്ടാ, സത്യം പറയണം, നീ അങ്കിളിന്റെ കാറിന്റെ ചാവി എവിടെക്കൊണ്ടാ കളഞ്ഞത്”

“താത്തോത്തൂ”  (തർജ്ജമക്കാരി: “അവൻ എടുത്തില്ലെന്ന്”)

“മോൻ ദേ നോക്കിക്കേ, ഇതുപോലുള്ള സാധനം, എവിടെക്കൊണ്ടാ കളഞ്ഞത്?” മറ്റൊരു ചാവി പൊക്കിക്കാണിച്ചു.

“മാപ്പാപ്പാപ്പീ..തൂ..”- അവൻ ഇക്കുറി തെക്കു ദിക്കിലേക്ക് കൈ കാട്ടി. എന്നിട്ട് ചോദ്യം ചോദിച്ച് ബുദ്ധിമുട്ടിക്കുന്നതിൽ പ്രതിഷേധിച്ച് പൊട്ടിപ്പൊട്ടിക്കരഞ്ഞു. (തർജ്ജമക്കാരി : “ചിലപ്പോ തെക്കേലെങ്ങാനും കാണും. ഇവൻ അങ്ങോട്ട് ഓടുന്നത് കണ്ടായിരുന്നു”)

നേരം ഇരുട്ടിത്തുടങ്ങി. വിരുന്നുകാർ നിന്ന് വിയർക്കുകയാണ്. ഇന്നിനി തൃശൂർ എത്തിയിട്ടു വേണം നാളെ വൈകിട്ട് അവർക്ക് ബാംഗ്ലൂർക്ക് തിരിച്ചുപോകാൻ. കാർ ആണെങ്കിൽ മാമായുടെ മകന്റേതുപോലുമല്ല. അവന് സ്ത്രീധനം കിട്ടിയതാണ്. ഇടയ്ക്കിടെയുള്ള ഭാര്യയുടെ കണ്ണുരുട്ടലും അതിന്റെ ഭാഗമായുള്ള ടെൻഷനും വേറേ.

അന്വേഷണം സംഘം ടോർച്ചും തെളിച്ച് അഫ്‌ലു ചൂണ്ടിക്കാട്ടിയ ദിക്കിലേക്ക് യാത്രയായി. പോകുന്ന വഴിയിലൊക്കെ തെണ്ടി തൊണ്ടി തിരഞ്ഞു. തെക്കേ വീട്ടിലെത്തിയ സംഘം തെളിവെടുപ്പ് അരംഭിച്ചു.

“ഡോ സേതൂ, നമ്മുടെ മോൻ ഒരു ചാവി ഇവിടെവിടെങ്കിലും കൊണ്ടുവന്നിട്ടിരുന്നോ?”

“അയ്യോടാ, ഞാനിവിടെ അങ്ങനൊന്നും കണ്ടില്ല. ടീയേ രമേ, അപ്രത്തെ മോങ്കുട്ടൻ ഇവിടെ ഒരു ചാവി കൊണ്ടുവന്നിട്ടത് നീ കണ്ടോടീ?”

രമയും കൈമലർത്തി. എങ്കിലും കണ്ടുകൊണ്ടിരുന്ന സീരിയൽ ഒഴിവാക്കി സേതുരാമനും അന്വേഷണസംഘത്തോടൊപ്പം കൂടി. “വാ.. നമുക്ക് ഒന്നൂടെ നോക്കാം.”

അവരെല്ലാം കൂടി വീണ്ടും വീടും പറമ്പുമൊക്കെ അരിച്ചുപെറുക്കിയെങ്കിലും  ഒരു ഗുണവും ഉണ്ടായില്ല. നോക്കി നോക്കി ക്ഷീണിച്ചപ്പോൾ അന്വേഷണത്തിലെ പുരോഗതി വിലയിരുത്താൻ മുറ്റത്ത് ഒരു യോഗം ചേർന്നു. നോമ്പുതുറകഴിഞ്ഞ് ബാക്കിവന്ന പലഹാരങ്ങളും കട്ടൻ ചായയും യോഗത്തിൽ ഉയർന്ന അഭിപ്രായങ്ങൾക്ക് ഊർജ്ജം പകർന്നു. മാമായുടെ മകൻ നിരാശയോടെ ഒരു മൂലക്കിരുന്ന് മൊബൈലിലെ ഫോട്ടോകൾ സ്ക്രോൾ ചെയ്തുകൊണ്ടിരുന്നു. പെട്ടെന്ന് അവിചാരിതമായി അതിലൊരു ഫോട്ടോ സേതുരാമന്റെ കണ്ണിലുടക്കി.

“മോനേ, ആ ഫോട്ടോ ഒന്നുകൂടെ കാണിച്ചേ, ഇതിനു തൊട്ടു മുമ്പത്തെ”- സേതുരാമൻ പറഞ്ഞു.

സുൽഫിക്കർ ബാക്കിലേക്ക് തോണ്ടി. അവനും ഭാര്യയും മുറ്റത്തെ മാവിന്റെ മുന്നിൽ നിന്നെടുത്ത ആ ഫോട്ടോയുടെ ഫ്രേമിലേക്ക് ഒരു കുഞ്ഞിക്കൈ കൂടെ കടന്നുവന്നിരിക്കുന്നു. ആ കയ്യിൽ എന്തോ പിടിച്ചിട്ടുണ്ട്. സേതുരാമൻ മൊബൈൽ വാങ്ങി ആ ഭാഗം സൂം ചെയ്തു നോക്കി.

ബ്രേക്കിംഗ് ന്യൂസ് : “മൊബൈൽ ഫോൺ ദൃശ്യങ്ങൾ വഴിത്തിരിവായി; പ്രതി അഫ്‌ലുക്കുട്ടൻ തന്നെ”

പക്ഷേ പറഞ്ഞിട്ടെന്തുകാര്യം? എന്തു ചോദിച്ചാലും താത്താപ്പൂത്താ എന്നൊക്കെയേ അവൻ പറയൂ. ഫോട്ടോയിൽ കീ കണ്ടപ്പോൾ സുൽഫിക്കറിന്റെ മുഖമൊന്ന് തെളിഞ്ഞെങ്കിലും ആ യാഥാർഥ്യം അവനെ വീണ്ടും നിരാശനാക്കി. തൃശൂരിൽ നിന്നും സ്പെയർ ചാവിയുമായി വരാൻ ആരെയെങ്കിലും കിട്ടുമോ എന്നറിയാൻ അവൻ മൊബൈലിൽ ട്രൈ ചെയ്യാൻ ആരംഭിച്ചു.

സേതുരാമൻ പറഞ്ഞു: “മോൻ വിഷമിക്കാതിരിക്ക്. ഇന്നെന്തായാലും ഇവിടെ കിടക്ക്. ഇത്രയും രാത്രി ആയില്ലേ. ചാവി ഇരുട്ടത്ത് എവിടെയെങ്കിലും കിടപ്പുണ്ടാവും. നേരം വെളുക്കുമ്പോൾ നമുക്ക് ഒന്നുകൂടി നോക്കാം.അഥവാ ചാവി കിട്ടിയില്ലെങ്കിൽ നിങ്ങളെ രാവിലെ ഒരു ടാക്സിയിൽ കയറ്റി വിടാം. തൃശൂര് ചെന്നിട്ട് സ്പെയർ ചാവി ആരുടെയെങ്കിലും കയ്യിൽ കൊടുത്തയച്ചാൽ മതി. നാളെ വൈകിട്ട് സമാധാനത്തോടെ ബാംഗ്ലൂർക്ക് പൊയ്ക്കോ. സാധനം ഇവിടെവിടെയെങ്കിലും ഉണ്ടാവും.

അപ്പറഞ്ഞതുപോലെ സുൽഫിക്കറും ഭാര്യയും  അന്ന് രാത്രി വീട്ടിൽ കഴിച്ചുകൂട്ടി. സേതുരാമൻ നേരം വെളുത്തപ്പോൾ തന്നെ തുടരന്വേഷണത്തിന് വന്നു. അഫ്‌ലു ഏഴുമണിയോടെ ഊർജ്ജസ്വലനായി രംഗത്തുണ്ട്. സേതുരാമൻ തന്റെ വജ്രായുധം പുറത്തെടുത്തു. ‘ഡമ്മി പരീക്ഷണം’.

ആയാൾ ഉപയോഗശൂന്യമായ പഴയൊരു ചാവിക്കൂട്ടം അഫ്‌ലുവിന്റെ മുന്നിൽ കിലുക്കിക്കാണിച്ചു. അവൻ അതിനു വേണ്ടി വാശി പിടിച്ചു. വാശി അതിന്റെ പാരമ്യതയിൽ എത്തിയപ്പോൾ മാത്രമാണ് അത് വിട്ടുകൊടുത്തത്. ചാവി കിട്ടിയ സന്തോഷത്തിൽ  അവൻ അതും കിലുക്കിക്കിലുക്കി അവിടൊക്കെ നടന്നു. ശേഷം മുറ്റത്തേക്കിറങ്ങി. ആരും അവനെ തടഞ്ഞില്ല. കണ്ടഭാവം നടിച്ചില്ല. അവൻ കിഴക്കേ അതിർത്തിയും കടന്ന് നേരേ നാണിയമ്മയുടെ വീട്ടിലെ വാട്ടർ മീറ്റർ പിടിപ്പിച്ചിരിക്കുന്ന ചേംബറിന് അടുത്തെത്തി. മുകളിൽ മാറിക്കിടന്നിരുന്ന സ്ളാബിന്റെ വിടവിലേക്ക് ചാവി വലിച്ചെറിഞ്ഞു. ചാവി ചേംബറിന്റെ വരമ്പിൽ തട്ടി നിന്നു. അവനത് കാലുകൊണ്ട് രണ്ടുമൂന്ന് ആക്കാക്കി ഉള്ളിലേക്ക് തള്ളിയിട്ടു. ശേഷം ചിരിച്ച മുഖത്തോടെ തിരിഞ്ഞു നോക്കുമ്പോൾ വലിയൊരു സംഘം ഒരു കൊടും കുറ്റവാളിയെ എന്നവണ്ണം അവനെ നോക്കി നെടുവീർപ്പിടുന്നുണ്ടായിരുന്നു.

*****************

സുൽഫിക്കറിന്റെ ഭാര്യയുടെ കാറിന്റെ ചാവി കണ്ടെടുത്തതോടൊപ്പം തെളിയിക്കപ്പെടാതെ കിടന്നിരുന്ന നിരവധി കേസുകൾക്കാണ് പിന്നീട് തീരുമാനമായത്. നാലു സ്പൂണുകളും രണ്ട് USB ഫ്ലാഷ് മെമറി സ്റ്റിക്കുകളും ഒരു കണ്ണടയും ചേംബറിൽ നിന്നും കിട്ടിയ വസ്തുവകകളിൽ പെടുന്നു. ഫോറൻസിക് വിദഗ്ധർ ഇവ ആരുടേതൊക്കെയാണെന്ന് പരിശോധിച്ചുവരുന്നു.
-കടപ്പാട്.  whatsapp..

You Might Also Like

0 comments

Flickr Images