വെബ് തുറക്കും അവസരങ്ങള്‍

ലോകം മുഴുവന്‍ ഒരു വലക്കീഴിലാക്കി മുന്നേറുകയാണ് വേള്‍ഡ് വൈഡ് വെബ് എന്ന ഇന്റര്‍നെറ്റ്. ഇന്റര്‍നെറ്റിന്റെ സഹായമില്ലാതെ ഒരു ദിവസം പോലും മനുഷ...

ലോകം മുഴുവന്‍ ഒരു വലക്കീഴിലാക്കി മുന്നേറുകയാണ് വേള്‍ഡ് വൈഡ് വെബ് എന്ന ഇന്റര്‍നെറ്റ്. ഇന്റര്‍നെറ്റിന്റെ സഹായമില്ലാതെ ഒരു ദിവസം പോലും മനുഷ്യര്‍ക്ക് ജീവിക്കാന്‍ പറ്റില്ല എന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഇന്റര്‍നെറ്റ് സാര്‍വത്രികമായതോടെ വെബ്‌സൈറ്റുകളുടെ എണ്ണവും പെരുകിക്കൊണ്ടിരിക്കുന്നു. ഓരോ ദിവസവും ആയിരക്കണക്കിന് വെബ്‌സൈറ്റുകള്‍ പുതുതായി തുറക്കപ്പെടുന്നു.
നമ്മുടെ നാട്ടില്‍ തന്നെ മീന്‍വില്പന തൊട്ട് സ്ഥലക്കച്ചവടം വരെ ഓണ്‍ലൈനിലൂടെ നടക്കുന്നുണ്ട്. സ്വന്തമായി വെബ്‌സൈറ്റില്ലാത്ത ഒരു സ്ഥാപനവും ഇപ്പോഴില്ല. സ്വകാര്യ കമ്പനികളും സര്‍ക്കാര്‍ വകുപ്പുകളുമെല്ലാം വെബ്‌സൈറ്റുകള്‍ തുറന്ന് തങ്ങളുടെ വില്പന-സേവനശൃംഖല വിപുലപ്പെടുത്താന്‍ മത്സരിക്കുകയാണിപ്പോള്‍.
ഒരൊറ്റ മൗസ്‌ക്ലിക്കില്‍ ഒരു വെബ്‌സൈറ്റ് തുറന്നുവരുമെങ്കിലും അതിന് പിന്നിലെ അധ്വാനം ഒരാളുടേത് മാത്രമല്ല. ഒരു സംഘം ആളുകളുടെ കഠിനാധ്വാനത്തിന്റെ ഫലമായാണ് ഓരോ വെബ്‌സൈറ്റും പിറവിയെടുക്കുന്നത്. ഇന്റര്‍നെറ്റിന് (വേള്‍ഡ് വൈഡ് വെബ്) വേണ്ടിയോ ഇന്‍ട്രാനെറ്റിന് (സ്വകാര്യ നെറ്റ്‌വര്‍ക്ക്) വേണ്ടിയോ ഒരു വെബ്‌സൈറ്റ് വികസിപ്പിച്ചെടുക്കുന്നതിനെ വിശാലാര്‍ഥത്തില്‍ വിളിക്കുന്ന പേരാണ് വെബ് ഡെവലപ്‌മെന്റ്. ഒരു വെബ്‌സൈറ്റിന്റെ ആസൂത്രണ, വികസന, പരിപാലന ഘട്ടങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെയെല്ലാം വെബ് ഡവലപ്പര്‍മാര്‍ എന്ന് വിശേഷിപ്പിക്കുന്നു. വെബ് ഡിസൈനിങ്, വെബ് കണ്ടന്റ് ഡെവലപ്‌മെന്റ്, ക്ലയന്‍്-സൈഡ്/സെര്‍വര്‍-സൈഡ് സ്‌ക്രിപ്റ്റിങ്, നെറ്റ്‌വര്‍ക്ക് സെക്യൂരിറ്റി കോണ്‍ഫിഗറേഷന്‍ എന്നിവയെല്ലാം വെബ് ഡെവലപ്പിങിന്റെ കീഴില്‍ വരുന്ന ജോലികളാണ്. അങ്ങനെ പറയുമ്പോഴും വെബ്‌ഡെവലപ്പിങില്‍ പ്രധാനമായും ഉള്‍പ്പെടുന്നത് റൈറ്റിങ് മാര്‍ക്കപ്പ്, കോഡിങ് എന്നീ അടിസ്ഥാന ജോലികളാണ്. സൈറ്റിന്റെ രൂപകല്പനയും അതിലെ ഉള്ളടക്കവുമെല്ലാം നിശ്ചയിക്കേണ്ട ജോലി വെബ് ഡിസൈനിങ് എന്ന പേരിലും അറിയപ്പെടുന്നു.
ആരാണീ വെബ് ഡെവലപ്പര്‍?
വെബ്‌സൈറ്റുകള്‍ വികസിപ്പിച്ചെടുക്കാന്‍ ശാസ്ത്രീയമായ പരിശീലനം ലഭിച്ചവരെയാണ് വെബ് ഡെവലപ്പര്‍ എന്ന് വിളിക്കുന്നത്. വെബ്‌സൈറ്റുകളുടെ അസ്ഥിവാരം നിര്‍മിക്കുന്ന ശില്പികളാണിവര്‍. ഈ അസ്ഥിവാരത്തിന്റെ മുകളിലാണ് വെബ് ഡിസൈനര്‍മാരും കണ്ടന്റ് എഡിറ്റര്‍മാരും അവരുടെ ജോലി ചെയ്ത് വെബ്‌സൈറ്റിനെ പൂര്‍ണതയിലേക്കെത്തിക്കുക. വെബ്‌സൈറ്റിലേക്ക് പ്രവേശിക്കുന്ന ഓരോരുത്തരുടെയും ആവശ്യങ്ങള്‍ക്കനുസരിച്ച് വെബ്‌സൈറ്റിനെ പ്രവര്‍ത്തിപ്പിക്കാന്‍ പഠിപ്പിക്കുകയാണ് വെബ് ഡെവലപ്പറുടെ ജോലി. ഇതിനായി അയാള്‍ സോഫ്റ്റ്‌വേറും കമ്പ്യൂട്ടര്‍ ലാംഗ്വേജുകളുമൊക്കെ ഉപയോഗിക്കുന്നു.
സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍, പ്രോജക്ട് മാനേജര്‍മാര്‍, കണ്ടന്റ് ഡെവലപ്പമാര്‍, വെബ് ഡിസൈനര്‍ എന്നിവരുള്‍പ്പെടുന്ന ടീമിനൊപ്പമായിരിക്കും വെബ് ഡെവലപ്പര്‍ക്ക് പ്രവര്‍ത്തിക്കേണ്ടിവരിക. ഒരൊറ്റ പേജുളള സാധാരണ വെബ്‌സൈറ്റ് മുതല്‍ നൂറുകണക്കിന് പേജുകളും ആയിരക്കണക്കിന് ലിങ്കുകളുമുള്ള വെബ്‌സൈറ്റുകള്‍ വരെ വെബ് ഡവലപ്പര്‍മാര്‍ക്ക് വികസിപ്പിച്ചെടുക്കേണ്ടിവരും. റെയില്‍വേയുടെ ടിക്കറ്റിങ് ബുക്കിങ് സൈറ്റായ www.irctc.co.in എന്ന വെബ്‌സൈറ്റ് കണ്ടിട്ടില്ലേ. ഓരോ നിമിഷവും പതിനായിരക്കണക്കിന് ആളുകള്‍ പ്രവേശിക്കുന്ന, മണിക്കൂറില്‍ ആയിരക്കണക്കിന് ടിക്കറ്റുകള്‍ ബുക്ക് ചെയ്യപ്പെടുന്ന പടുകൂറ്റന്‍ വെബ്‌സൈറ്റാണിത്. ഇരുപത്തിനാല് മണിക്കൂറും മുടക്കമില്ലാതെ ആ വെബ്‌സൈറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ നിരവധി വെബ്ഡവലപ്പര്‍മാര്‍ അതിന് പിന്നില്‍ കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നറിയുക. ഓരോദിവസവും കോടിക്കണക്കിന് രൂപയുടെ സാമ്പത്തികഇടപാടുകള്‍ ഐ.ആര്‍.ടി.സി. വെബ്‌സൈറ്റിലൂടെ നടക്കുന്നുണ്ട്. എന്നിട്ടും ഒരാളുടെയും ഒരുരൂപ പോലും നഷ്ടപ്പെടുകയോ മറ്റേതെങ്കിലും അക്കൗണ്ടിലേക്ക് മാറിപ്പോകുകയോ ചെയ്യുന്നില്ല എന്നത് ആ വെബ്‌സൈറ്റിന്‍െ കിടയറ്റ സുരക്ഷാസംവിധാനത്തെയാണ് സൂചിപ്പിക്കുന്നത്. ഇതുപോലെ കുറ്റമറ്റ രീതിയിലുളള വെബ്‌സൈറ്റുകള്‍ വികസിപ്പിച്ചെടുക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്തമാണ് വെബ് ഡെലപ്പര്‍മാരെ കാത്തിരിക്കുന്നത്.
കൈയില്‍ വേണ്ടതെന്തല്ലാം?
വെബ് ഡവലപ്പര്‍ക്ക് അടിസ്ഥാനമായി വേണ്ടത് കമ്പ്യൂട്ടറിലുള്ള പ്രവൃത്തിപരിചയം തന്നെയാണ്. അതിന് പുറമെ ആവശ്യമായി വരുന്ന ചില സ്വഭാവസവിശേഷതകള്‍ കൂടിയുണ്ട്. മികച്ച ആശയവിനിമയശേഷി, ഒറ്റയ്‌ക്കോ ഒരു ടീമായോ പ്രവര്‍ത്തിക്കാനുളള സന്നദ്ധത, വിശദാംശങ്ങള്‍ ചോദിച്ചറിയുന്നതിനും പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് പരിഹരിക്കുന്നതിനുമുള്ള കഴിവ്, ക്ഷമ എന്നിവയാണത്.
പത്ത് മുതല്‍ അഞ്ച് വരെ നീളുന്ന ഓഫീസ് ജോലി സമയമല്ല ഇവരുടേത്. പലപ്പോഴും ഒരു പ്രോജക്ട് നിശ്ചിതസമയത്തിനുള്ളില്‍ ചെയ്തുതീര്‍ക്കാനായി ഏറെ വൈകിയും ജോലി ചെയ്യേണ്ടി വന്നേക്കാം. ചെറിയ തകരാറുകള്‍ മതി ഒരു വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം പാടേ സ്തംഭിക്കാന്‍. അത്തരം സന്ദര്‍ഭങ്ങളില്‍ മനസ് മടുക്കാതെ കുത്തിയിരുന്ന് വെബ്‌സൈറ്റിന്റെ ഓരോ ഭാഗവും പ്രത്യേകം പരിശോധിച്ച് തകരാറുകള്‍ കണ്ടെത്തേണ്ടിവരും. ഒട്ടും എളുപ്പമുള്ള കാര്യമല്ല അത്. അനുദിനം മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മേഖലയാണ് ഇന്റര്‍നെറ്റ്. അതിനാല്‍ പുതിയ കാര്യങ്ങള്‍ പഠിക്കാനും പരിശീലിക്കാനുമുളള സന്നദ്ധതയും വെബ് ഡെവലപ്പര്‍മാര്‍ക്ക് അത്യാവശ്യമാണ്.
എന്ത് പഠിക്കണം?
വെബ്‌പേജുകള്‍ നിര്‍മിക്കാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട മാര്‍ക്ക്അപ്പ് ലാംഗ്വേജായ എച്ച്.ടി.എം.എല്‍. (ഹൈപ്പര്‍ ടെക്‌സ്റ്റ് മാര്‍ക്ക്അപ്പ് ലാംഗ്വേജ്) അറിയുന്ന ആര്‍ക്കും മുമ്പ് വെബ് ഡെവലപ്പര്‍മാരായി ജോലി നോക്കാമായിരുന്നു. ഇന്‍ഫര്‍മോഷന്‍ ടെക്‌നോളജി രംഗം വികസിച്ചതോടെ എച്ച്.ടി.എം.എല്‍. മാത്രമറിഞ്ഞാല്‍ വെബ് ഡെവലപ്പര്‍മാരാകാന്‍ സാധിക്കില്ല എന്ന സ്ഥിതിയാണിപ്പോള്‍. കമ്പ്യൂട്ടര്‍ സയന്‍സിലോ ഐ.ടിയിലോ ബി.എസ്.സി./ബി.ടെക് കോഴ്‌സ് കഴിഞ്ഞവരെയാണ് ഇപ്പോള്‍ പ്രമുഖ കമ്പനികളെല്ലാം വെബ് ഡെവലപ്പര്‍മാരായി റിക്രൂ്ട്ട് ചെയ്യുന്നത്. ബി.സി.എ., എം.സി.എ. യോഗ്യതയുള്ളവര്‍ക്കും ഈ രംഗത്തേക്ക് പ്രവേശിക്കാനാകും.
എച്ച്.ടി.എം.എല്ലിന് പുറമെ മറ്റ് മാര്‍ക്ക്അപ്പ് ലാംഗ്വേജുകളായ എക്‌സ്.എം.എല്‍., എക്‌സ്.എച്ച്.ടി.എം.എല്‍., സെര്‍വര്‍ സൈഡ് സ്‌ക്രിപ്റ്റിങ് ലാംഗ്വേജുകളായ എ.എസ്.പി. (ആക്റ്റീവ് സെര്‍വര്‍ പേജസ്), പി.എച്ച്.പി. (ഹൈപ്പര്‍ടെക്‌സ്റ്റ് പ്രീപ്രൊസസര്‍) സ്‌റ്റൈല്‍ ഷീറ്റ് ലാംഗ്വേജായ കാസ്‌കേഡിങ് സ്‌റ്റൈല്‍ ഷീറ്റ് (സി.എസ്.എസ്.) എന്നിവയും വെബ് ഡെവലപ്പര്‍മാര്‍ അറിഞ്ഞിരിക്കണം. പേര് കേള്‍ക്കുമ്പോള്‍ അല്പം കടുപ്പം തോന്നുമെങ്കിലും ഐ.ടി. കോഴ്‌സുകള്‍ പഠിക്കുന്നവര്‍ക്കെല്ലാം സുപരിചിതമാണീ കമ്പ്യൂട്ടര്‍ ലാംഗ്വേജുകള്‍. മികച്ച ഡെവലപ്പര്‍മാരാകാന്‍ ഇത് മാത്രം പഠിച്ചാല്‍ പോരാ. ഗ്രാഫിക് പാക്കേജുകളായ ഇലസ്‌ട്രേറ്റര്‍, ഫോട്ടോഷോപ്പ്, ഫ്‌ളാഷ്, ഡ്രീംവീവര്‍ എന്നിവയും അല്പമെങ്കിലും അറിഞ്ഞുവെക്കണം. വെബ് ഇമേജ് പ്രൊസസിങിനും ഒപ്ടിമൈസേഷനും ഈ സോഫ്റ്റ്‌വേറുകള്‍ അറിഞ്ഞിരിക്കുന്നത് ഗുണം ചെയ്യും എന്നതിനാലാണിത്.
എവിടെ പഠിക്കാം?
വെബ് ഡവലപ്പര്‍മാരാകാനുള്ള യോഗ്യതകള്‍ സ്വന്തമാക്കാന്‍ സഹായിക്കുന്ന ഒട്ടേറെ സ്ഥാപനങ്ങള്‍ നമ്മുടെ നാട്ടില്‍ തന്നെയുണ്ട്. സംസ്ഥാനത്തിന് പുറത്തേക്കോ രാജ്യം വിട്ടോ പോകാതെ തന്നെ ഈ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കി വളരെ എളുപ്പത്തില്‍ ജോലി നേടാനാകും. കമ്പ്യൂട്ടര്‍ സയന്‍സിലോ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയിലോ ബി.എസ്.സി./ബി.ടെക് ബിരുദം നേടിയവര്‍ക്കാണ് ഈ മേഖലയില്‍ ജോലി ലഭിക്കുക എന്ന് മുമ്പേ പറഞ്ഞല്ലോ. നമ്മുടെ നാട്ടിലാണെങ്കില്‍ ഏതാണ്ടെല്ലാ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളിലും എഞ്ചിനിയറിങ് കോളേജുകളിലും ഇത്തരം കോഴ്‌സുകള്‍ നടത്തുന്നുമുണ്ട്. എന്നാല്‍ ഏതെങ്കിലും കോളേജില്‍ നിന്ന് ബി.എസ്.സി. കമ്പ്യൂട്ടര്‍ കോഴ്‌സ് കഴിഞ്ഞിറങ്ങിയാല്‍ വമ്പന്‍ കമ്പനികളില്‍ വെബ് ഡവലപ്പര്‍ ജോലി ഉറപ്പാണെന്ന് കരുതരുത്. ഇതേ അവസ്ഥ തന്നെയാണ് ബി.ടെക് കോഴ്‌സുകള്‍ക്കും. നമ്മുടെ നാട്ടിലെ പല സ്വാശ്രയ എഞ്ചിനിയറിങ് കോളേജുകളില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സ് കഴിഞ്ഞിറങ്ങുന്നവര്‍ ഒരു ജോലിയും കിട്ടാതെ അലഞ്ഞുനടപ്പുണ്ട് എന്ന കാര്യം പ്രത്യേകമോര്‍ക്കണം. കമ്പ്യൂട്ടര്‍ സയന്‍സ് എന്ന വിഷയത്തിലെ അടിസ്ഥാനകാര്യങ്ങള്‍ പോലും കുട്ടികളെ പഠിപ്പിക്കുന്നതില്‍ ഈ കോളേജുകള്‍ പരാജയമാണ് എന്ന് തെളിയിക്കുന്ന വസ്തുതയാണിത്.
കമ്പ്യൂട്ടര്‍ രംഗത്ത് മികച്ച ഭാവിയാണ് ആഗ്രഹിക്കുന്നതെങ്കില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി.), നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എന്‍.ഐ.ടി.) എന്നിവിടങ്ങളില്‍ പഠനം നടത്തേണ്ടതുണ്ട്. അഖിലേന്ത്യാതലത്തില്‍ നടത്തുന്ന ജോയിന്റ് എഞ്ചിനിയറിങ് എക്‌സാമിനേഷന്‍ (ജെ.ഇ.ഇ.) എന്ന മത്സരപരീക്ഷയില്‍ മികച്ച സ്‌കോര്‍ നേടുന്നവര്‍ക്ക് മാത്രമേ ഈ സ്ഥാപനങ്ങളില്‍ പ്രവേശനം നല്‍കൂ. ജെ.ഇ.ഇയ്ക്ക് തന്നെ രണ്ടു ഘട്ടങ്ങളുണ്ട് എന്ന കാര്യവും അറിയുക. ജെ.ഇ.ഇ. അഡ്വാന്‍സ്ഡും ജെ.ഇ.ഇ. മെയിനും. ജെ.ഇ.ഇ. മെയിന്‍ പരീക്ഷ വിജയിച്ച ഒന്നരലക്ഷം പേര്‍ക്ക് മാത്രമേ അഡ്വാന്‍സ്ഡ് പരീക്ഷ എഴുതാന്‍ സാധിക്കൂ. അഡ്വാന്‍സ്ഡ് പരീക്ഷയിലും മികച്ച വിജയം നേടാനായാല്‍ ഐ.ഐ.ടി. പ്രവേശനം ഉറപ്പിക്കാം. ജെ.ഇ.ഇ. മെയിന്‍ മാത്രം കടക്കാനായവര്‍ക്ക് എന്‍.ഐ.ടിയിലെ അഡ്മിഷന്‍ കൊണ്ട് തൃപ്തിപ്പെടേണ്ടിവരും. കോഴിക്കോടെ ചാത്തമംഗലത്താണ് കേരളത്തിലെ ഏക എന്‍.ഐ.ടി. പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തെ ഏക ഐ.ഐ.ടിയാകട്ടെ പാലക്കാട്ട് കഴിഞ്ഞ വര്‍ഷം പ്രവര്‍ത്തനമാരംഭിച്ചുകഴിഞ്ഞു. ഐ.ഐ.ടികള്‍ക്കും എന്‍.ഐ.ടികള്‍ക്കും പുറമെ വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മികച്ച എഞ്ചിനിയറിങ് കോളേജുകള്‍ തിരഞ്ഞെടുത്ത് പഠനം നടത്തിയാലും വെബ് ഡെവലപ്പിങ് മേഖലയില്‍ കരിയര്‍ കണ്ടെത്താനാകും.
പഠനം കേരളത്തില്‍
ഐ.ടി./കമ്പ്യൂട്ടര്‍ സയന്‍സ് വിഷയത്തില്‍ ബി.ടെക് കോഴ്‌സ് നടത്തുന്ന ഒട്ടേറെ സ്ഥാപനങ്ങള്‍ നമ്മുടെ സംസ്ഥാനത്തുണ്ട്. സര്‍ക്കാര്‍, എയ്ഡഡ് എഞ്ചിനിയറിങ് കോളേജുകളിലും സ്വാശ്രയ എഞ്ചിനിയറിങ് കോളേജുകളിലുമൊക്കെ കമ്പ്യൂട്ടര്‍ സയന്‍സ് ബി.ടെക് കോഴ്‌സുകള്‍ നടത്തുന്നുണ്ട്. ഏറ്റവുമധികം അപേക്ഷകരുള്ള എഞ്ചിനിയറിങ് ബ്രാഞ്ച് കൂടിയാണിത്. സംസ്ഥാന എന്‍ട്രന്‍സ് കമ്മീഷന്‍ നടത്തുന്ന പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. മാത്തമാറ്റിക്‌സിന് മാത്രം 50 ശതമാനവും മാത്ത്‌സ്, ഫിസിക്‌സ്, കെമിസ്ട്രി/ബയോടെക്‌നോളജി/കമ്പ്യൂട്ടര്‍ സയന്‍സ്/ബയോളജി എന്നിവയ്ക്ക് മൊത്തം 50 ശതമാനവും മാര്‍ക്കോടെ പ്ലസ്ടു യോഗ്യത നേടിയവര്‍ക്ക് എന്‍ട്രന്‍സ് പരീക്ഷയെഴുതാനാകും. കോഴിക്കോട്, കണ്ണൂര്‍, കോട്ടയം, പാലക്കാട്, തൃശൂര്‍,തിരുവനന്തപുരം,ഇടുക്കി,വയനാട് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ എഞ്ചിനിയറിങ് കോളേജുകളില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ബി.ടെക് കോഴ്‌സ് നടക്കുന്നുണ്ട്. ഇതിനുപുറമെ വിവിധ ജില്ലകളിലുള്ള ഐ.എച്ച്.ആര്‍.ഡി. എഞ്ചിനിയറിങ് കോളേജുകളിലും സ്വാശ്രയ,സ്വകാര്യ എഞ്ചിനിയറിങ് കോളേജുകളിലും കമ്പ്യൂട്ടര്‍ സയന്‍സ് ബി.ടെക് കോഴ്‌സ് നടക്കുന്നു.
ബി.എസ്.സി. (കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.ടി.), ബി.സി.എ. കോഴ്‌സ് പഠനത്തിനും സംസ്ഥാനത്ത് ഒട്ടേറെ അവസരങ്ങളുണ്ട്. കണ്ണൂര്‍, കാലിക്കറ്റ്, എം.ജി. കേരള സര്‍വകലാശാലകളുടെ കീഴിലുള്ള നൂറിലേറെ കോളേജുകളില്‍ ഈ കോഴ്‌സുകള്‍ സംഘടിപ്പിക്കുന്നു.

You Might Also Like

0 comments

Flickr Images